ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ഞായറാഴ്‌ച രാവിലെ ഏഴ് മണിയ്‌ക്ക് ആരംഭിച്ചു. വൈകിട്ട് ആറുവരെ നീളുന്ന തെരഞ്ഞെടുപ്പില്‍, 16 ജില്ലകളിലെ 59 മണ്ഡലങ്ങളാണ് വിധിയെഴുതുക. ഏഴ് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അഖിലേഷിന്‍റെ കർഹാൽ മണ്ഡലം പ്രധാന ശ്രദ്ധാകേന്ദ്രം
2.15 കോടിയിലധികം വോട്ടർമാരാണ് 627 സ്ഥാനാർഥികളുടെ വിധി നിര്‍ണയിക്കുക. ഹത്രാസ്, ഫിറോസാബാദ്, ഇറ്റാഹ്, കസ്‌ഗഞ്ച്, മെയിൻപുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറയ്യ, കാൺപൂർ ദേഹത്, കാൺപൂർ നഗർ, ജലൗൺ, ഝാൻസി, ലളിത്പൂർ, ഹമീർപൂർ, മഹോബ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കർഹാൽ നിയമസഭ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന സമാജ്‌വാദി പാർട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവ്, മൂന്നാം ഘട്ടത്തിലെ പ്രധാന സ്ഥാനാർഥികളിൽ ഒരാളാണ്.
ബി.ജെ.പി സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ എസ്.പി സിങ് ബാഗലിനെതിരെയാണ് അദ്ദേഹം ഏറ്റുമുട്ടുന്നത്. യാദവ സമുദായത്തിന്‍റെയും മുലായം കുടുംബത്തിന്‍റെയും തട്ടകമാണ് ഈ സീറ്റ്. എസ്.പി തലവന്‍റെ അമ്മാവൻ കൂടിയായ ശിവ്പാൽ യാദവ്, ജസ്വന്ത് നഗർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.
ബി.ജെ.പി സ്ഥാനാർഥി സതീഷ് മഹാന കാന്‍പൂരിലെ മഹാരാജ്‌പൂരിലാണ് മത്സരിക്കുന്നത്. ബിജെപി നേതാവ് രാംവീർ ഉപാധ്യ, ഹത്രസിലെ സദാബാദ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.
ഒറ്റ മനസോടെ മുലായം കുടുംബം; ബി.ജെ.പിയ്‌ക്ക് ആശങ്ക
മുതിർന്ന കോണ്‍ഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്‍റെ ഭാര്യ ലൂയിസ് ഖുർഷിദും മത്സരത്തിലുണ്ട്. ഫറൂഖാബാദ് സദർ മണ്ഡലത്തിലാണ് കോൺഗ്രസിനായി അവര്‍ പോരാട്ടത്തിനിറങ്ങിയത്. നിലവിലെ മന്ത്രിസഭയിലുള്ള രാംനരേഷ് അഗ്നിഹോത്രി, മുൻ ഐ.പി.എസ് ഓഫിസർ അസിം അരുണ്‍ എന്നിവരും മത്സരരംഗത്തുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പലതും 2017ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് എസ്.പിയുടെയും ബഹുജൻ സമാജ് പാർട്ടിയുടെയും (ബി.എസ്.പി) ശക്തികേന്ദ്രങ്ങളായിരുന്നു.
2017 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ, ഇതില്‍ 49 സീറ്റുകളാണ് ബി.ജെ.പി നേടിയത്. എസ്.പിയ്‌ക്ക് ഒന്‍പത് സീറ്റുകൾ മാത്രമേ അന്ന് നേടാനായുള്ളൂ. ബി.എസ്.പിയ്‌ക്ക് ഒരു സീറ്റു നപോലും നേടാനായില്ല. മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, ശിവ്പാല്‍ എന്നിവര്‍ ഒറ്റ മനസോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അഞ്ച് വർഷത്തിന് ശേഷമുള്ള മുലായം കുടുംബത്തിലെ ഈ ഐക്യം ബി.ജെ.പിക്ക് വലിയ ആശങ്ക വിതച്ചിട്ടുണ്ട്.
ALSO READ:യുപി തെരഞ്ഞെടുപ്പ് : ബിജെപി അധികാരം നിലനിർത്തിയാൽ ഹോളിക്കും ദീപാവലിക്കും സൗജന്യ എൽപിജി സിലിണ്ടറെന്ന് രാജ്‌നാഥ് സിങ്