ന്യൂഡൽഹി:ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ റാലി. തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയ്‌ക്ക് ആവേശമാവാന്‍ ജനുവരി 31 നാണ് നരേന്ദ്ര മോദി ഇറങ്ങുക. ഷംലി, മുസാഫർനഗർ, ബാഗ്‌പത്, സഹാറൻപൂർ, ഗൗതമബുദ്ധ നഗർ എന്നീ അഞ്ച് ജില്ലകളിലാണ് ഈ റാലിയുടെ ആദ്യഘട്ടം സംഘടിപ്പിക്കുക.
21 നിയമസഭ മണ്ഡലങ്ങളാണ് ഈ പ്രദേശങ്ങള്‍ ഉൾക്കൊള്ളുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശങ്ങള്‍ പ്രകാരമാണ് റാലി സംഘടിപ്പിക്കുക. 100 സ്ഥലങ്ങളിലാണ് പ്രധാനമന്ത്രി വെര്‍ച്വലായി പ്രസംഗം നടത്തുക. ഓരോ ഇടങ്ങളിലും 500 പേര്‍ക്ക് ഇരിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.
ALSO READ:പെഗാസസ് ചാര സോഫ്‌റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ്
വിവിധ ഇടങ്ങളിലായി ആകെ 50,000 പേരാണ് റാലിയുടെ ഭാഗമാവുക. 21 നിയമസഭ മണ്ഡലങ്ങളിലായി 10 ലക്ഷത്തിലധികം ആളുകളിലേക്ക് വെര്‍ച്വല്‍ റാലിയിലൂടെ തങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ അവകാശ വാദം. ഓണ്‍ലൈന്‍ രംഗത്ത് ശക്തമായ സാന്നിധ്യമായ ബി.ജെ.പി ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളും പ്രചാരണത്തിനായി ഉപയോഗിക്കും.
ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 10നും അവസാനഘട്ടം മാർച്ച് ഏഴിനും നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.