ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര'യുടെ (Bharat Jodo Nyay Yatra) ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി. ശനിയാഴ്‌ച ഡൽഹിയിലെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് നടന്ന അനാച്ഛാദന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്, ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ പങ്കെടുത്തു. "ന്യായ് കാ ഹഖ് മിൽനേ തക്" എന്നതാണ് യാത്രയുടെ മുദ്രാവാക്യം (The slogan of the Yatra is "Nyay ka haq milne tak").
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജനുവരി 14 മുതൽ ‘ഭാരത് ജോഡോ ന്യായ് യാത്ര’ ആരംഭിക്കുകയാണ്. രാജ്യത്തെ ജനങ്ങൾക്ക് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതി ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ശക്തമായ ചുവടുവയ്പ്പാണ് ‘ഭാരത് ജോഡോ ന്യായ് യാത്ര’, ഖാർഗെ പറഞ്ഞു.
ലോഗോ പ്രകാശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കാനും ഖാർഗെ മറന്നില്ല. വംശീയ കലാപം നടന്ന മണിപ്പൂരിൽ പ്രധാനമന്ത്രി ഇതുവരെ സന്ദർശനം നടത്താൻ തയ്യാറായിട്ടില്ല എന്നായിരുന്നു വിമർശനം.