ന്യൂഡൽഹി:യാത്രക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിനിടെ ഇൻഡിഗോ പൈലറ്റിനെ യാത്രക്കാരൻ മർദിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം (Unruly passenger behaviour unacceptable says minister Jyotiraditya Scindia). ഞായറാഴ്‌ചയാണ് ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ മർദിച്ചത്.
മൂടൽമഞ്ഞിനെ തുടർന്ന് സർവീസ് നടത്തുന്നതിൽ കാലതാമസം നേരിട്ടിരുന്നു. തുടർന്ന് വിമാനം വൈകുമെന്ന് അറിയിപ്പ് നല്‍കുന്നതിനിടെ പൈലറ്റിനെ യുവാവ് കയ്യേറ്റം ചെയ്യുകയായിരുന്നു. അതേസമയം മൂടൽമഞ്ഞുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. എക്‌സിലൂടെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇടതൂർന്ന മൂടൽമഞ്ഞ് ഉത്തരേന്ത്യയിലെ, പ്രത്യേകിച്ച് ഡൽഹിയിലെ വിവിധ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളെ ഞായറാഴ്‌ച സാരമായാണ് ബാധിച്ചത്. തൽഫലമായി പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തു. ചില വിമാനങ്ങൾ വൈകാനും ഇത് കാരണമായി.
എന്നാൽ യാത്രക്കാർ ജീവനക്കാർക്കുനേരെ അനിയന്ത്രിതമായി പെരുമാറുന്ന സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലുള്ള നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി അഭൂതപൂർവമായ മൂടൽമഞ്ഞിനാണ് ഞായറാഴ്‌ച സാക്ഷ്യം വഹിച്ചതെന്ന് കേന്ദ്രമന്ത്രി സിന്ധ്യ പറയുന്നു. മണിക്കൂറുകളോളമാണ് ദൃശ്യപരതയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെട്ടത്. രാവിലെ 5 മുതൽ രാവിലെ 9 വരെ വിസിബിലിറ്റി പൂജ്യത്തിലേക്ക് താഴുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ.