ന്യൂഡല്‍ഹി: ഐടി മന്ത്രി അശ്വനി വൈഷ്‌ണവിന്‍റെ പ്രസ്‌താവന കീറിയെറിഞ്ഞ തൃണമൂല്‍ എംപി ശാന്തനു സെന്നിന് സസ്പെന്‍ഷന്‍. രാജ്യസഭ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡുവാണ് ഒരു ദിവസത്തേക്ക് എംപിയെ സസ്‌പെന്‍ഡ് ചെയ്‌തത്.
സഭയില്‍ നടന്ന സംഭവങ്ങളില്‍ ദു:ഖിതനാണെന്ന് വെങ്കയ്യ നായിഡു പ്രതികരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ പാർലമെന്‍ററി ജനാധിപത്യത്തിനെതിരെയുള്ള വ്യക്തമായ ആക്രമണമാണ്. പാർലമെന്‍റിന്‍റെ ഭരണഘടനാപരമായ പവിത്രത കാത്തുസൂക്ഷിക്കാൻ എംപിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഐടി മന്ത്രിയുടെ പ്രസ്‌താവന കീറിയെറിഞ്ഞ സംഭവം: തൃണമൂല്‍ എംപിക്ക് സസ്പെന്‍ഷന്‍ പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി മുരളീധരനാണ് സെന്നെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. ശബ്‌ദ വോട്ടിലൂടെ പ്രമേയം പാസാക്കിയതിന് പിന്നാലെ സെന്നോട് സഭയില്‍ നിന്ന് ഇറങ്ങി പോകാന്‍ സഭ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ, പ്രമേയത്തിനെതിരെ തൃണമൂല്‍ എംപിമാര്‍ പ്രതിഷേധം രേഖപ്പെടുത്തി. ശാന്തനു സെന്നിനെ മന്ത്രി ഭീഷണിപ്പെടുത്തിയ സംഭവം എംപി സുകേന്ദ്രു ശേഖര്‍ ഉയര്‍ത്തിയെങ്കിലും സഭ നിര്‍ർത്തിവച്ചപ്പോഴായിരുന്നു ഇതെന്ന് അധ്യക്ഷന്‍ ചൂണ്ടികാട്ടി. പെഗാസസ് വിഷയത്തില്‍ ഐടി മന്ത്രി അശ്വനി വൈഷ്‌ണവ് സംസാരിക്കുന്നതിനിടെയാണ് തൃണമൂല്‍ എംപി മന്ത്രിയുടെ കയ്യില്‍ നിന്നും പ്രസ്‌താവന തട്ടിയെടുത്ത് കീറിയെറിഞ്ഞത്.
Read more: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: രാജ്യ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ കടലാസുകള്‍ കീറി എറിഞ്ഞു