എറണാകുളം : ജി20 ഉച്ചകോടിയുടെ ഭാഗമായി അതിഥികൾക്ക് അയച്ച ക്ഷണക്കത്തിൽ ഇന്ത്യ എന്നതിന് പകരം ഭാരത് ഉപയോഗിച്ചതിന് പിന്നിലെ ഉദ്ദേശ്യത്തിലൂന്നി രാജ്യമൊട്ടാകെ അഭ്യൂഹങ്ങളും വാത പ്രതിവാദങ്ങളും നിറയുമ്പോൾ വിഷയത്തിൽ നിലപാടറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ (Actor Unni Mukundan). ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിച്ചതിനെ പിന്തുണച്ച് ഫേസ്‌ബുക്കിലൂടെയാണ് നടൻ നിലപാട് വ്യക്തമാക്കിയത്. പിന്തുണ അറിയിച്ച് രണ്ട് പോസ്‌റ്റുകളാണ് ഉണ്ണിമുകുന്ദൻ ഫേസ്‌ബുക്കിൽ (Actor Unni Mukundan Facebook Post) പങ്കിട്ടിട്ടുള്ളത്.
മേരാ ഭാരത് (എന്‍റെ ഭാരതം) എന്നാണ് ആദ്യ പോസ്‌റ്റ്. ഇതിനോടൊപ്പം ദേശീയ പതാകയുടേയും ഹൃദയത്തിന്‍റെയും ഇമോജികളും താരം ചേർത്തിരുന്നു. ഈ പോസ്‌റ്റിന് പിന്നാലെ ഒരു ദേശീയ മാധ്യമത്തിൽ നൽകിയ വാർത്തയുടെ സ്‌ക്രീൻ ഷോട്ടാണ് താരം പങ്കിട്ടത്. 'India Likely To Be Ranamed Bharat' എന്നാണ് വാർത്തയുടെ ഉള്ളടക്കം. ഈ ചിത്രത്തിനൊപ്പം കാത്തിരിക്കാൻ വയ്യ (Just Can't Wait) എന്ന കാപ്‌ഷനും താരം നൽകിയിരുന്നു.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന ലോക നേതാക്കളെ സെപ്‌റ്റംബർ ഒൻപതിന് അത്താഴവിരുന്നിന് ക്ഷണിച്ചുകൊണ്ടുള്ള കത്തിൽ ഇന്ത്യൻ പ്രസിഡന്‍റ് എന്നതിന് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് (President of Bharat Controversy) എന്ന് പ്രയോഗിച്ചതാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടാൻ കാരണം. രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗമാണിതെന്ന അഭ്യൂഹങ്ങളാണ് നിലവിൽ ഉയർന്നുവരുന്നത്.