പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയ സന്തോഷം പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയുമായി 45 മിനിറ്റാണ് ഉണ്ണി മുകന്ദന്‍ സംവദിച്ചത്. മോദിക്ക് ഉണ്ണി മുകുന്ദന്‍ കൃഷ്‌ണ വിഗ്രഹവും സമ്മാനിച്ചു.
താന്‍ മോദിയുമായി 45 മിനിറ്റ് സംസാരിച്ചെന്നും ഗുജറാത്തിയിലാണ് ആശയവിനിമയം നടത്തിയതെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു. ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ച് ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയത്. മോദിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
'ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റാണിത്. നന്ദി സര്‍. താങ്കളെ ദൂരെ നിന്ന് കണ്ട 14 വയസുകാരനില്‍ നിന്ന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളില്‍ നിന്ന് ഞാനിയും മോചിതനായിട്ടില്ല. വേദിയില്‍ നിന്നുള്ള അങ്ങയുടെ 'കെം ഛോ ഭൈലാ' (ഗുജറാത്തിയില്‍ എങ്ങനെയുണ്ട് സഹോദരാ) ആണ് എന്നെ ആദ്യം തട്ടി ഉണര്‍ത്തിയത്.
അങ്ങനെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുകയെന്നത് എന്‍റെ വലിയ സ്വപ്‌നമായിരുന്നു. അത് സാധിച്ചിരിക്കുന്നു. താങ്കള്‍ നല്‍കിയ 45 മിനിറ്റ്, എനിക്കെന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റായിരുന്നു. താങ്കള്‍ പറഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടു വന്ന് ഞാനത് നടപ്പിലാക്കും. ആവ്‍താ രെഹ്‍ജോ സര്‍ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീകൃഷ്‍ണന്‍' -ഉണ്ണി മുകുന്ദന്‍ കുറിച്ചു.
പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ച അവിസ്‌മരണീയ നിമിഷങ്ങളെ കുറിച്ച് ഉണ്ണി മുകുന്ദന്‍ ഒരു പ്രമുഖ മാധ്യമത്തോടും പ്രതികരിച്ചിരുന്നു. തന്നെ പറ്റി പല കാര്യങ്ങളും മനസിലാക്കിയാണ് പ്രധാനമന്ത്രി തന്നോട് സംസാരിച്ചതെന്ന് താരം വ്യക്തമാക്കി. തനിക്ക് 13 വയസുള്ളപ്പോഴാണ് മോദിയെ താന്‍ ദൂരെ നിന്നും കാണുന്നതെന്നും അന്ന് സിഎം ആയി കണ്ടയാളെ ഇന്ന് പിഎമ്മായി കാണാന്‍ സാധിച്ചല്ലോ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം നിറഞ്ഞ ചിരിയിലായിരുന്നുവെന്നും ഉണ്ണി പറഞ്ഞു. തന്‍റെ പുതിയ ചിത്രം 'മാളികപ്പുറ'ത്തെ കുറിച്ച് സംസാരിച്ച മോദി, ഗുജറാത്തിയില്‍ സിനിമ ചെയ്യാന്‍ ക്ഷണിച്ചതായും താരം പറഞ്ഞു.