ജയ്‌പൂർ:രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഡിസംബർ മൂന്നിന് വരാനിരിക്കെ രാജസ്ഥാനില്‍ വോട്ടര്‍മാർക്ക് അജ്ഞാത ഫോണ്‍കോളുകള്‍ വരുന്നതായി റിപ്പോര്‍ട്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ് ഗഡ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലമാണ് ഡിസംബർ മൂന്നിന് വരുന്നത്.
നിലവില്‍ കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനില്‍ നവംബര്‍ 25നാണ് പോളിങ് നടന്നത്. 199 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും കോൺഗ്രസും തമ്മിലുണ്ടായത്. അഞ്ച് വർഷം കൂടുമ്പോൾ കോൺഗ്രസിനെയും ബിജെപിയേയും മാറി മാറി പിന്തുണയ്ക്കുന്ന രീതിയാണ് 1993ല്‍ രാജസ്ഥാനില്‍ തുടർന്നുവരുന്നത്.
അതുകൊണ്ടു തന്നെ ഇത്തവണ ഭരണവിരുദ്ധ തരംഗമുണ്ടെന്നും അധികാരത്തില്‍ തിരിച്ചെത്താമെന്നുമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാല്‍ അധികാരത്തുടർച്ചയുണ്ടാകുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം ഇരു പാർട്ടികൾക്കും നിർണായകമാണ്. ഫലമറിയാൻ അക്ഷമയോടെ കാത്തിരിക്കുമ്പോഴാണ് വോട്ടർമാരുടെ ഫോണിലേക്ക് അജ്ഞാത കോളുകൾ ലഭിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ആർക്കാണ് വോട്ട് ചെയ്‌തത്: ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയത് എന്ന കാര്യം അറിയാനാണ് മിക്കവരെയും വിളിക്കുന്നത്. എന്നാല്‍ ഇത്തരം കോളുകളോട് പ്രതികരിക്കേണ്ടതില്ലെന്നാണ് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ രാജ്‌കുമാര്‍ സിങ് വോട്ടര്‍മാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വോട്ടിംഗിലെ രഹസ്യ സ്വഭാവം നഷ്ടമാകാതിരിക്കാന്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന കാര്യം രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശം വോട്ടര്‍മാര്‍ക്കുമുണ്ടെന്ന് രാജ്‌കുമാര്‍ സിങ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ പരാതികള്‍ ലഭിച്ചാല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്.
അറിയില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ: ഇത്തരത്തില്‍ ഒരു ഫോണ്‍ സര്‍വെയും സംഘടിപ്പിച്ചിട്ടില്ലെന്നാണ് ലദ്പുരയിലെ ബിജെപി സ്ഥാനാര്‍ത്ഥി കല്‍പ്പന ദേവി പ്രതികരിച്ചത്. അതേസമയം തനിക്ക് ഇത്തരത്തില്‍ ഒരു കോളും ലഭിച്ചിട്ടില്ലെന്ന് ലദ്‌പുരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നസീമുദ്ദീന്‍ ഗുഡ്ഡു പറഞ്ഞു. കോട്ട നോര്‍ത്ത്, സൗത്ത് ലദ്‌പൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ വിളിച്ചാണ് ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന കാര്യം ചോദിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് മാത്രമാണ് അജ്ഞാത ഫോണ്‍ കോളുകളില്‍ ചോദ്യമുണ്ടായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെക്കുറിച്ചോ മറ്റ് രാഷ്ട്രീയപാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ കുറിച്ചോ ചോദ്യം ഉണ്ടായില്ലെന്നും വോട്ടര്‍മാര്‍ വ്യക്തമാക്കുന്നു.
നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ: റെക്കോര്‍ഡ് വോയ്‌സ് സന്ദേശത്തിലാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. നമ്പര്‍ അമര്‍ത്തിയോ ഡയല്‍ പാഡില്‍ അമര്‍ത്തിയോ ഉത്തരം നല്‍കാനാണ് ആവശ്യപ്പെടുന്നത്. ചിലയിടങ്ങളില്‍ നേരിട്ട് വിളിച്ച് തന്നെയാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്. ഇത് വോട്ടര്‍മാരെ കബളിപ്പിക്കാനാണെന്നാണ് വിരമിച്ച കാര്‍ഷിക അഡീഷണല്‍ ഡയറക്ടര്‍ പ്രദീപ് കുമാര്‍ ഗുപ്ത പറയുന്നത്. അബദ്ധത്തില്‍ ഏതെങ്കിലും ബട്ടണ്‍ അമര്‍ത്തിയാല്‍ അയാളുടെ രഹസ്യ ബാലറ്റ് വിവരം പുറത്താകും. ആരാണ് ഈ സര്‍വെ നടത്തുന്നത് എന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.