മുംബൈ:വീട്ടില്‍ പേയിങ് ഗസ്‌റ്റായി താമസിച്ച യുവതിയെ ഭാര്യയുടെ സഹായത്തോടെ പീഡനത്തിനിരയാക്കി സര്‍വകലാശാല പ്രൊഫസര്‍. മഹാരാഷ്‌ട്ര ഛത്രപതി സംഭാജി നഗറില്‍ താമസിക്കുന്ന അശോക് ഗുരപ്പ ബന്ദ്‌ഗറാണ് വീട്ടില്‍ പേയിങ് ഗസ്‌റ്റായി താമസിക്കാനെത്തിയ യുവതിക്ക് നേരെ നിരവധി തവണ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ യുവതി ചൊവ്വാഴ്‌ച പരാതി നല്‍കിയതോടെ ബേഗംപുര പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
സംഭവത്തെക്കുറിച്ച് യുവതി പരാതിപ്പെടുന്നത് ഇങ്ങനെ:കഴിഞ്ഞ വർഷമാണ് തനിക്ക് ഡോ. ബാബാസാഹേബ് അംബേദ്‌കർ മറാത്ത്വാഡ സർവകലാശാലയിൽ പ്രവേശനം ലഭിച്ചത്. ഇതിന്‍റെ ഭാഗമായി താമസിക്കാന്‍ ഒരു ഹോസ്‌റ്റല്‍ മുറി അന്വേഷിച്ച് നടക്കുകയായിരുന്നു. ഈ സമയത്താണ് സര്‍വകലാശാലയിലെ തന്നെ പ്രൊഫസറായ അശോക് ഗുരപ്പ ബന്ദ്‌ഗറിനെ കാണുന്നത്. ഹോസ്‌റ്റൽ മുറി കിട്ടാത്തതിനാൽ പ്രൊഫ.അശോകും ഭാര്യ പല്ലവി അശോക് ബന്ദ്ഗറും തന്നോട് അവര്‍ക്കൊപ്പം പേയിങ് ഗസ്‌റ്റായി താമസിക്കാൻ സൗകര്യം വാഗ്‌ദാനം ചെയ്യുകയായിരുന്നു.
കുറ്റകൃത്യം 'ആണ്‍കുഞ്ഞിനായി':എന്നാല്‍ താമസമാരംഭിച്ച് അധികം വൈകാതെ തന്നെ തങ്ങള്‍ക്ക് ആണ്‍കുഞ്ഞില്ലെന്നും അതിനാല്‍ നിങ്ങള്‍ പ്രൊഫസര്‍ അശോകിനെ വിവാഹം കഴിക്കാമോ എന്ന് ഇയാളുടെ ഭാര്യ പല്ലവി അശോക് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് എതിര്‍ത്ത തന്നെ 2022 ജൂലൈയിൽ വീടിന്‍റെ ഹാളിൽ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രൊഫ അശോക് ബലം പ്രയോഗിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിന് പിന്നാലെ അഞ്ചും ആറും തവണ അശോക് തന്നെ പീഡനത്തിനിരയാക്കിയെന്നും കുറ്റകൃത്യം പുറത്തറിയുമെന്ന് ഭയന്ന് തനിക്കെതിരെ മോഷണക്കുറ്റം ആരോപിച്ചുവെന്നും യുവതി പരാതിയില്‍ അറിയിച്ചു.
പരാതിയിലേക്ക് ഇങ്ങനെ:ഒരു തവണ ദമ്പതികള്‍ ഇരുവരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിക്കുകയും അബോധാവസ്ഥയിലാകും വരെ പീഡനത്തിനിരയാക്കുകയും ചെയ്‌തുവെന്നും യുവതി പരാതിയില്‍ അറിയിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കളെത്തി വീട്ടിലേക്ക് മടക്കികൊണ്ടുപോയതിന് പിന്നാലെയാണ് യുവതി പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുന്നത്. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ബേഗംപുര പൊലീസ് അറിയിച്ചു.
കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പിടിയില്‍:അടുത്തിടെ ബെംഗളൂരുവില്‍ പേയിങ് ഗസ്‌റ്റായി (പിജി) താമസിക്കുന്ന യുവതികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ ബെംഗളൂരു പൊലീസ് പിടികൂടിയിരുന്നു. പോണ്ടിച്ചേരി സ്വദേശി നിരഞ്‌ജനാണ് സംഭവത്തില്‍ ബെംഗളൂരു സൗത്ത് ഈസ്‌റ്റ് ഡിവിഷനിലെ സൈബര്‍ എക്കണോമിക് ആൻഡ് നാര്‍ക്കോട്ടിക്‌സ് (സിഇഎന്‍) പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ താമസിച്ചിരുന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള വനിത പിജിയിലെ യുവതികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി മൊബൈല്‍ഫോണ്‍ വഴി ശല്യവും ഭീഷണിയും മുഴക്കിയതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലാകുന്നത്.
നാലുവര്‍ഷമായി വനിതകളുടെ പിജിയുമായി ചേര്‍ന്നുള്ള എച്ച്എസ്‌ആര്‍ ലേഔട്ടിലെ പിജിയിലായിരുന്നു പ്രതി താമസിച്ചിരുന്നത്. സ്വന്തമായി ജോലിയില്ലാതിരുന്ന ഇയാളുടെ ചെലവുകള്‍ നാട്ടില്‍ നിന്ന് അമ്മ അയച്ചുനല്‍കുകയായിരുന്നു പതിവ്. ഈ പണം കൊണ്ട് ജീവിതം ആസ്വദിച്ച് വരികയായിരുന്ന പ്രതി ലഹരിമരുന്നിനും അടിമയായിരുന്നു. അങ്ങനെയിരിക്കെയാണ് ഇയാള്‍ സമീപത്തുള്ള വനിത പിജിയുടെ ഉടമയുമായി പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും അതുവഴി കുറ്റകൃത്യത്തിന് വഴിയൊരുങ്ങുന്നതും.