സിവാൻ:ബിഹാറിൽ ആളില്ലാത്ത റെയിൽവേ ക്രോസിലെ ഗേറ്റ് അടയ്‌ക്കാൻ ട്രെയിനിൽ നിന്നിറങ്ങി ലോക്കോ പൈലറ്റ്. രാഗർഗഞ്ച് ധാലയിലെ സിവാൻ-മഷ്‌റക് റെയിൽ സെക്ഷനിലെ റെയിൽവേ ക്രോസിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഒട്ടേറെ പേർ ഇതിനെ എതിർത്തും അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.
Video: റെയിൽവേ ഗേറ്റ് അടയ്‌ക്കാൻ ആളില്ല; ട്രെയിനിൽ നിന്നിറങ്ങി ഗേറ്റ് അടച്ച് യാത്ര തുടർന്ന് ലോക്കോ പൈലറ്റ് - unique railway gate of siwan mashrak rail section
ബിഹാറിലെ സിവാൻ-മഷ്‌റക് റെയിൽ സെക്ഷനിലെ റെയിൽവേ ക്രോസിലാണ് സംഭവം.
ലെവൽക്രോസ് എത്തുന്നതിന് മുന്നേ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങുന്നതും, ഗേറ്റ് അടച്ച ശേഷം തിരികെ ട്രെയിനിൽ കയറി പോകുന്നതും വീഡിയോയിൽ കാണാം. ട്രെയിൻ കടന്നുപോയതിന് ശേഷം ഗേറ്റ് തുറക്കാൻ ഉദ്യോഗസ്ഥർ ആരും തന്നെ എത്താറില്ലെന്നും, കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് തുടരുകയാണെന്നും നാട്ടുകാരും ആരോപിക്കുന്നു.
അതേസമയം 'സിംഗിൾ ട്രെയിൻ സിസ്റ്റം' എന്നാണ് ഈ രീതിയെ വിളിക്കുന്നതെന്ന് വാരണാസി റെയിൽ ഡിവിഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ അശോക് കുമാർ പറഞ്ഞു. റെയിൽവേയുടെ റൂൾ ബുക്ക് അനുസരിച്ചാണ് ഇത് ചെയ്യുന്നത്. റെയിൽവേ ഉദ്യോഗസ്ഥരില്ലെങ്കിൽ ലോക്കോ പൈലറ്റ് ലെവൽ ക്രോസിന്‍റെ ഗേറ്റ് അടയ്ക്കാൻ ട്രെയിൻ നിർത്തണമെന്ന് റെയിൽവേ മാനുവലിൽ പറഞ്ഞിട്ടുണ്ട്.. അദ്ദേഹം പറഞ്ഞു.