ശ്രീനഗർ: ഉയർന്ന വിദ്യഭ്യാസം നേടി ജോലിക്കായി അലയുന്ന നിരവധി പേരുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുമ്പോള്‍ തെക്കൻ കശ്മീരിലെ ബിലാല്‍ എന്ന 40 കാരന്‍ സ്വയം ജോലി കണ്ടത്തി അതിലൂടെ മറ്റുള്ളവർക്കും തൊഴില്‍ നൽകുകയാണ്. അനന്ത്നാഗ് ജില്ലയിലെ കാസിഗണ്ട് നിവാസിയായ ബിലാൽ അഹമ്മദ് ഘാന്‍ തന്‍റെ നാട്ടിലെ ഒരു സാധാരണ കുളം വ്യത്യസ്തമായ മത്സ്യഫാം ആക്കി മാറ്റുകയായിരുന്നു. 2007ൽ ബിരുദാന്തര ബിരുദം പൂർത്തിയാക്കിയ ബിലാൽ ഒരു നല്ല ജോലിക്കായി ഒരുപാട് അലഞ്ഞു. ഒടുവില്‍ സമയം പാഴാക്കാതെ കുടുംബത്തിന്‍റെ സഹായത്തോടെ മത്സ്യഫാം ആരംഭിക്കുകയായിരുന്നു.
ബിലാലിന്‍റെ ഈ മത്സ്യഫാമിൽ കേവലം മീൻ കൃഷി മാത്രമല്ല ഉള്ളത്. ഒഴിവുസമയങ്ങൾ ആനന്ദകരമാക്കാൻ ബോട്ടിങ് പോലുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ചുറ്റുപാടുനിന്നും ദൂരസ്ഥലങ്ങളിൽ നിന്നും ധാരാളം പേർ വിനോദത്തിനായി ഇവിടെ എത്തുന്നുണ്ട്. പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്ക് പെഡൽ ബോട്ടിങ് ഒക്കെ നന്നായി ആസ്വദിക്കാനാകും.