ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ. വിഷയത്തിൽ സംസ്ഥാന സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്‌ച മുതലാണ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്.
'രാജ്യത്ത് നടക്കുന്ന മതപരിവർത്തനത്തിന്‍റെ ശരിയായ കാരണം കണ്ടെത്തണം. മംഗളൂരുവിൽ ഒരേ കുടുംബത്തിലെ നാല് പേർ മരിച്ച കേസിനും ലവ് ജിഹാദ് കേസുകൾക്കും ശേഷം, രാജ്യത്ത് മതപരിവർത്തന നിയമത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നു. ആരോഗ്യം, പട്ടിണി, സ്നേഹം എന്നിവയുടെ പേരിൽ എല്ലാ ജാതിയിലും പെട്ട ധാരാളം ജനങ്ങൾ മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു. ഇതിന്‍റെ കാരണം കണ്ടെത്തണം' - കരന്ദ്‌ലജെ പറഞ്ഞു.
'എന്തുകൊണ്ടാണ് ആളുകൾ സ്വന്തം മതം ഉപേക്ഷിക്കുന്നതെന്ന് അറിയില്ല. ജാതിയോ, ആരോഗ്യമോ, സാമ്പത്തിക സാഹചര്യമോ ആകാം ഇതിന് കാരണം. അതിനാൽ ദാരിദ്ര്യവും നിസഹായതയും ദുരുപയോഗം ചെയ്യാൻ മറ്റുള്ളവർക്ക് അവസരം നൽകരുത്, സാമൂഹിക അസമത്വം വളര്‍ത്തരുത്' - കരന്ദ്‌ലജെ പറഞ്ഞു.
ALSO READ:ഇന്ത്യ ഹിന്ദുക്കളുടെ രാജ്യം,അധികാരമോഹികളായ ഹിന്ദുത്വവാദികളുടേതല്ല : രാഹുൽ ഗാന്ധി
അതേസമയം സിഡിഎസ് ജനറൽ ബിപിൻ റാവത്തിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന പ്രചരണങ്ങൾക്കെതിരെയും ശോഭ കരന്ദ്‌ലജെ പ്രതികരിച്ചു. 'വികലമായ മനസുള്ള ചിലർ ഇത് ആഘോഷിക്കുന്നു. അവർ രാജ്യദ്രോഹികളാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സർക്കാരുകളും അവർക്കെതിരെ നടപടിയെടുക്കണം. അവരെ കഠിനമായി ശിക്ഷിക്കണം' - കരന്ദ്‌ലജെ കൂട്ടിച്ചേർത്തു.