മുംബൈ: അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ വീണ്ടും ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തിൽ എത്തുമെന്ന് കേന്ദ്ര സഹമന്ത്രിയും ജൽന എംപിയുമായ റാവു സാഹേബ് ദാൻവേ. 2019ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ശേഷം ബിജെപി '80 മണിക്കൂർ' സർക്കാർ രൂപീകരിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന. മഹാരാഷ്‌ട്രയിൽ ഭാരതീയ ജനതാ പാർട്ടിയുടെ സർക്കാരുണ്ടാകില്ലെന്ന് കരുതരുതെന്ന് പർഭാനി ജില്ലയിൽ നടന്ന പ്രചാരണത്തിനിടെ ബിജെപി നേതാവ് പ്രതികരിച്ചു. രണ്ട്-മൂന്ന് മാസത്തിനുള്ളിൽ ബിജെപി സർക്കാരിനെ രൂപീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു. ഔറംഗബാദ് മണ്ഡലത്തിലേക്കുള്ള നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പ് അടുത്തമാസമാണ് നടക്കുന്നത്. ശിരീഷ് ബോറാൽക്കറാണ് ബിജെപിയുടെ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും വോട്ടെണ്ണൽ മൂന്നിനും നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രഖ്യാപനം.
മഹാരാഷ്ട്രയിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് ബിജെപി - ബിജെപി മഹാരാഷ്ട്രയിൽ വീണ്ടും
പർഭാനി ജില്ലയിൽ നടന്ന പ്രചാരണത്തിനിടെയാണ് ബിജെപി നേതാവും ജൽന എംപിയുമായ റാവു സാഹേബ് ദാൻവേയുടെ പ്രഖ്യാപനം.
കൃത്യം ഒരു വർഷം മുമ്പാണ് നാഷ്‌ണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് അജിത് പവാറിന്‍റെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ നേതൃത്വത്തിൽ മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നത്. 2019 നവംബർ 23ന് മുംബൈയിലെ രാജ്ഭവനിൽ ഫഡ്‌നാവിസും അജിത് പവാറും യഥാക്രമം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്‌തു. എന്നാൽ എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ ബിജെപി സർക്കാരിന്‍റെ ആയുസ് 80 മണിക്കൂർ മാത്രമായി അവസാനിച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം ശിവസേനയുടെ നേതൃത്വത്തിൽ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം രൂപീകരിക്കുകയും മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ അധികാരത്തിലെത്തുകയും ചെയ്‌തു. എൻസിപിയും കോൺഗ്രസും സഖ്യം ചേർന്ന സർക്കാരായിരുന്നുവത്. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 105 സീറ്റുകളിൽ ബിജെപി വിജയിച്ചിരുന്നു. 56 സീറ്റുകൾ ശിവസേന നേടി. എൻസിപി 54ഉം കോൺഗ്രസ് 44ഉം നേടി.