കേന്ദ്രത്തിന്‍റെ 'കൗ ഗഹ് ഡേ' ഉത്തരവിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി ന്യൂഡല്‍ഹി :ഫെബ്രുവരി 14 പശുക്കളെ ആലിംഗനം ചെയ്യാനുള്ള ദിവസമായി ആഘോഷിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ തന്‍റെ വാദം ന്യായീകരിച്ച് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം ഖോണ്ടാഭായ് രൂപാല. പശുവിനെ സ്‌നേഹിക്കുകയും ആലിംഗനം ചെയ്യുന്നതും വഴി ദൈവത്തിന്‍റെ അനുഗ്രഹം ലഭിക്കുമെന്നായിരുന്നു പർഷോത്തം രൂപാലയുടെ വിശദീകരണം. അന്നേദിവസം പ്രണയത്തിന്‍റെ ദിനമല്ലേ എന്നും അതുകൊണ്ട് പശുവിനെ പ്രേമിക്കൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ദൈവാനുഗ്രഹം നേടാന്‍ :പശുവിനെ ഇഷ്‌ടപ്പെടുന്നതും ആലിംഗനം ചെയ്യുന്നതും മഹത്തരമായ പ്രവൃത്തിയാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ എല്ലാവരും പശുവിനെ സ്‌നേഹിച്ചും ആലിംഗനം ചെയ്‌തും ദൈവാനുഗ്രഹം നേടണമെന്ന് മന്ത്രി പറഞ്ഞു. സ്‌നേഹം പ്രകടിപ്പിക്കാനുള്ള വാലന്‍റൈന്‍സ് ദിനത്തില്‍ ഇങ്ങനെ ആഘോഷിക്കുന്നതിനേക്കാള്‍ മികച്ച മറ്റൊന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പശുക്കളെ ആലിംഗനം ചെയ്യുന്നത് വൈകാരിക സമൃദ്ധി പ്രദാനം ചെയ്യുമെന്നും മനുഷ്യരുടെ വ്യക്തിപരവും കൂട്ടായതുമായ സന്തോഷം വർധിപ്പിക്കാൻ കാരണമാകുമെന്നും വ്യക്തമാക്കി കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് കഴിഞ്ഞദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഗോമാതാവ് എന്നതിന്‍റെ പ്രാധാന്യം പരിഗണിച്ച് എല്ലാ പശു സ്‌നേഹികളും ഫെബ്രുവരി 14 ന് കൗ ഹഗ് ഡേയായി ആഘോഷിക്കണമെന്നായിരുന്നു മൃഗസംരക്ഷണ ബോര്‍ഡ് സെക്രട്ടറി ഡോ എസ്.കെ ദത്ത ഒപ്പിട്ട ഉത്തരവില്‍ അറിയിച്ചിരുന്നത്.
ട്രോളുകളുടെ 'ഹഗ് ഡേ':എന്നാല്‍ കേന്ദ്ര ഉത്തരവെത്തിയതോടെ അതിലുള്ള ജനങ്ങളുടെ പ്രതികരണങ്ങളും ഉയര്‍ന്നു. ഇതൊരു മതപ്രശ്‌നമായാണ് ഒരു വിഭാഗം പരിഗണിച്ചതെങ്കില്‍ ചിലര്‍ ഇതിനെ അനുകൂലിച്ചും രംഗത്തെത്തി. എന്നാല്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റാഗ്രാം, ട്വിറ്റര്‍ എന്നിവിടങ്ങളില്‍ ഉത്തരവിനെ പരിഹസിച്ചുകൊണ്ടുള്ള രസകരമായ കമന്‍റുകളും മീമുകളും വീഡിയോകളും നിറയുന്നുണ്ട്.