റായ്‌ഗഡ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരായ അധിക്ഷേപ പരാമർശത്തില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം. 15000 രൂപ കോടതിയില്‍ ജാമ്യത്തുകയായി കെട്ടിവെച്ചു. ഓഗസ്റ്റ് 31നും സെപ്‌റ്റംബർ 13നും ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന ഉറപ്പിലാണ് മഹാഡ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
അധിക്ഷേപത്തിന് അറസ്റ്റ്
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരായ അധിക്ഷേപ പരാമർശത്തില്‍ ശിവസേന പ്രവർത്തകരാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നാരായൺ റാണെയ്‌ക്ക് എതിരെ നാസിക് പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കിയത്. ഇതേതുടർന്നാണ് രത്നഗിരി പൊലീസ് ചൊവ്വാഴ്‌ച ഉച്ചയ്ക്ക് റാണെയെ അറസ്റ്റ് ചെയ്തത്.
also read: സവര്‍ക്കര്‍ ഫാന്‍സിന്‍റെ ജല്‍പ്പനങ്ങള്‍ക്ക് ചെവികൊടുക്കാനില്ലെന്ന് സ്‌പീക്കര്‍ എംബി രാജേഷ്
അതിനിടെ റാണെയുടെ അറസ്റ്റിന് എതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ബിജെപി പ്രവർത്തകരില്‍ നിന്നുണ്ടായത്. റാണെയുടെ പരാമർശത്തിന് എതിരെ ശിവസേന പ്രവർത്തകരും സംസ്ഥാനത്ത് ഉടനീളം പ്രതിഷേധിച്ചു. നാസികില്‍ ബിജെപി ഓഫീസുകൾക്ക് നേരെ കല്ലേറുണ്ടായി. മഹാഡില്‍ ബിജെപിയുടെ ജൻ ആശീർവാദ് യാത്രയ്ക്കിടെയാണ് റാണെ ഉദ്ധവ് താക്കറെയ്‌ക്ക് എതിരെ മോശം പരാമർശം നടത്തിയത്.
യാത്ര തുടരുമെന്ന് ബിജെപി
നാരായൺ റാണെയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ജൻ ആശീർവാദ് യാത്ര തുടരുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ലെജിസ്ളേറ്റീവ് കൗൺസില്‍ പ്രതിപക്ഷ നേതാവുമായ പ്രവീൺ ധരേകർ പറഞ്ഞു.