മുംബൈ : കേന്ദ്രമന്ത്രി നാരായൺ റാണെ അറസ്റ്റിൽ. മഹാരാഷ്ട്ര പൊലീസിന്‍റേതാണ് നടപടി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്.
സ്വാതന്ത്ര്യം ലഭിച്ച വർഷം ഏതെന്ന് അറിയാത്ത താക്കറെയുടെ കരണത്തടിക്കുമായിരുന്നുവെന്നാണ് റാണെ നടത്തിയ പരാമര്‍ശം.
തിങ്കളാഴ്‌ച റായ്‌ഗഡിൽ നടന്ന ജൻ ആശിർവാദ് യാത്രയ്ക്കിടെയാണ് റാണെ താക്കറെയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്.
റാണെ പറഞ്ഞത് ഇങ്ങനെ
‘സ്വാതന്ത്ര്യം കിട്ടിയ വര്‍ഷമേതാണെന്ന് അറിയാത്തത് ലജ്ജാകരമാണ്. സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ വര്‍ഷം ഏതെന്ന് അന്വേഷിക്കാന്‍ ഉദ്ധവ് താക്കറെ പിന്നിലേക്ക് നോക്കി. ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ കരണത്തടിയ്ക്കുമായിരുന്നു'
മുഖ്യമന്ത്രിക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി യുവ സേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മന്ത്രിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 153(കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം ഉണ്ടാക്കുക), 500(അപകീർത്തിപ്പെടുത്തൽ), 505(തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
പ്രതിഷേധവുമായി ശിവസേന പ്രവർത്തകർ
റാണെയുടെ പരാമർശങ്ങൾക്കെതിരെ മഹാരാഷ്ട്രയുടെ വിവിധ മേഖലകളില്‍ ശിവസേന പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അമരാവതിയിലെ ബിജെപി പാർട്ടി ഓഫിസ് കെട്ടിടം ശിവസേന പ്രവർത്തകർ തകർക്കുകയും പോസ്റ്ററുകൾക്ക് തീയിടുകയും ചെയ്തു.
മുൻകൂർ ജാമ്യാപേക്ഷ കേൾക്കാൻ വിസമ്മതിച്ച് ഹൈക്കോടതി
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളെ ചോദ്യം ചെയ്ത് മുൻകൂർ ജാമ്യാപേക്ഷയുമായി റാണെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ ഹൈക്കോടതിയുടെ രജിസ്ട്രി വകുപ്പിൽ അപേക്ഷ സമർപ്പിക്കാൻ നിർദേശിച്ച്, കേസ് പരിഗണിച്ച എസ്.എസ് ഷിൻഡെ, എൻ.ജെ ജമാദാം എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് റാണെയുടെ അപേക്ഷ നിരസിച്ചു.
കൂടാതെ കഴിഞ്ഞ ദിവസം രത്നഗിരി ജില്ല കോടതിയും റാണെയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.