ന്യൂഡൽഹി:പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്‌ച ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‌തർ അബ്ബാസ് നഖ്‌വി. പ്രധാനമന്ത്രിയുടെ ദീർഘായുസിന് വേണ്ടി പ്രാർഥിച്ചെന്ന് മുംബൈയിലെ ഹാജി അലി ദർഗയിൽ പ്രാർഥന നടത്തിയ ശേഷം മുഖ്‌തർ അബ്ബാസ് നഖ്‌വി പ്രതികരിച്ചു.
രാജ്യത്തിലെ ജനാധിപത്യം നശിപ്പിക്കാനാണ് രാഷ്‌ട്രീയ വൈരാഗ്യം നിറഞ്ഞ കുറ്റകൃത്യങ്ങളിലൂടെ 'കുടുംബപാർട്ടി' ശ്രമിക്കുന്നതെന്ന് കോൺഗ്രസിന്‍റെ പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു. ലോകം മുഴുവൻ ആദരിക്കപ്പെടുന്ന നേതാവായ നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ബോധപൂർവമായി കുറ്റകരമായ അനാസ്ഥ കാട്ടിയതിലൂടെ കോൺഗ്രസിനെ ഭീരുത്വം പുറത്തുവന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുരക്ഷവീഴ്‌ചയെ മറച്ചുവെക്കാനായി കസേരകൾ എണ്ണുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.