പട്‌ന :പശ്ചിമ ബംഗാളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്ത് (Union Minister Giriraj Singh about attack on ED officials). ടിഎംസിയ്ക്കെതിരെ ശക്തമായ വിമർശനമാണ് വെള്ളിയാഴ്‌ച കേന്ദ്രമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ജനാധിപത്യം നടപ്പാക്കാത്ത ഉത്തരകൊറിയൻ സർക്കാരിന് സമാനമായ സർക്കാരാണ് മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.
പശ്ചിമ ബംഗാളിൽ ജനാധിപത്യം എന്നൊന്നില്ല. കിം ജോങ് ഉൻ സർക്കാറാണ് അവിടെ ഉള്ളതെന്ന് തോന്നുന്നു. അവിടെ കൊലപാതകം നടന്നാലും അതൊരു പുതുമയല്ലെന്നാണ് അധീർ രഞ്ജൻ പറഞ്ഞത്. ഇതാണ് മമത ബാനർജിയുടെ ജനാധിപത്യം എന്നാണ് ഗിരിരാജ് സിങ്ങിന്‍റെ പരാമർശം.
വ്യാഴാഴ്‌ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിൽ യാത്ര ചെയ്യുന്നതിനിടെ ഇഡി ഉദ്യോഗസ്ഥരുടെ കാർ ആക്രമിക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്‌തിരുന്നു. നടന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ബിജെപി വക്താവ്. ആക്രമണത്തിൽ രണ്ടോ മൂന്നോ ഇഡി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളും ബംഗാളിലേക്ക് അനധികൃതമായി കടന്ന റോഹിങ്ക്യൻ മുസ്ലീങ്ങളുമാണെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് അന്വേഷണത്തിനെത്തിയ ഇഡി ഉദ്യോഗസ്ഥരാണ് ബംഗാളിൽ നുഴഞ്ഞുകയറിയ ടിഎംസി ഗുണ്ടകളുടെയും റോഹിങ്ക്യകളുടെയും ആക്രമണത്തിനിരയായത്. മുഖ്യമന്ത്രി മമത ബാനർജിയുടെ മൂക്കിന് താഴെയാണ് പശ്ചിമ ബംഗാളിൽ ജംഗിൾ രാജ് നിലനിൽക്കുന്നതെന്നും വെള്ളിയാഴ്‌ച ദേശീയ തലസ്ഥാനത്ത് നടന്ന വാർത്ത സമ്മേളനത്തിൽ ബിജെപി നേതാവ് പറഞ്ഞു.
സംഭവത്തെ തുടർന്ന് കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരിയും ടിഎംസിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലന്ന് അദ്ദേഹം പറഞ്ഞു. 'ഭരിക്കുന്ന സർക്കാരിന്‍റെ ഗുണ്ടകൾ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടത്തിയ ആക്രമണത്തിലൂടെ, സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലെന്ന് വ്യക്തമാണ്. ഇന്ന് അവർക്ക് പരിക്കേറ്റു, നാളെ അവർ കൊല്ലപ്പെടാം. ഇത്തരമൊരു കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നില്ല' -അദ്ദേഹം പറഞ്ഞു.