ന്യൂഡല്‍ഹി:എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്‌ടിക്കപ്പെടുന്ന ഡീപ്‌ഫേക്ക് വീഡിയോകളും ചിത്രങ്ങളും ഗൗരവതരമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. ഇത്തരത്തില്‍ സൃഷ്‌ടിക്കപ്പെടുന്ന വീഡിയോകളും ഓഡിയോകളും ചിത്രങ്ങളും സമൂഹത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും നോട്ടിസ് അയച്ചിരുന്നു. ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നടപടിയെടുക്കുകയാണെന്നും എന്നാല്‍ അതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് തങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.