ലഖിംപൂർ: ലഖിംപൂർ കൂട്ടക്കൊലക്കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കീഴടങ്ങി. കേസിൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് കീഴടങ്ങൽ. ഏപ്രിൽ 18ന് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി ഒരാഴ്‌ചക്കകം കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം സുരക്ഷാ കാരണങ്ങളാൽ ആശിഷിനെ ജയിലിലെ പ്രത്യേക ബാരക്കിൽ പാർപ്പിക്കുമെന്ന് ജയിൽ സൂപ്രണ്ട് പിപി സിങ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അലഹബാദ് ഹൈക്കോടതി വാഹനം ഇടിച്ചുണ്ടായ അപകടം എന്ന് ചൂണ്ടിക്കാട്ടി ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചത്. അപ്പീൽ നൽകിയതിനെത്തുടർന്ന് ഇരകളെ കേൾക്കാതെയുള്ള നടപടിയെന്നാണ് അലഹബാദ് ഹൈക്കോടതിയുടേതെന്ന് സുപ്രീം കോടതി വിലയിരുത്തിയിരുന്നു. അപ്രധാനമായ വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം നൽകിയതെന്നും അതിനാൽ ജാമ്യം റദ്ദാക്കുകയാണെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.