കൂച്ച് ബെഹാർ:ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അമിത്ഷായുടെ വിമര്‍ശനം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പരിവർത്തൻ യാത്രയുടെ നാലാം ഘട്ടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടയിലാണ് അദ്ദേഹം മമത സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്. പശ്ചിമ ബംഗാളിനെ പരിവർത്തനം ചെയ്യുന്നതിനായാണ് ഈ റാലി സംഘടിപ്പിച്ചിരിക്കുന്നതെന്നും അല്ലാതെ മുഖ്യമന്ത്രിയെയോ, എംഎൽഎമാരെയോ, മന്ത്രിമാരെയോ മാറ്റുന്നതിനല്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള പ്രധാന വെല്ലുവിളികളായ തൊഴിലില്ലായ്മ, അക്രമങ്ങൾ എന്നിവയിൽ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കുകയാണ് ലക്ഷ്യം. ജയ് ശ്രീറാം എന്ന് പറയുന്നത് കുറ്റകരമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ഇവിടെയല്ലാതെ പിന്നെ പാകിസ്ഥാനിൽ ശ്രീരാമ മന്ത്രങ്ങൾ ഉയർത്തണമോ എന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി ബംഗാളിൽ ഒരു ചടങ്ങിൽ സംബന്ധിക്കവേ ശ്രീറാം മന്ത്രങ്ങൾ അണികൾ ഉയർത്തിയതിനെ തുടർന്ന് മമത വേദി വിട്ട് ഇറങ്ങിയിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് അമിത്ഷാ സംസ്ഥാന സർക്കാരിനെതിരെ സ്വരം കടുപ്പിച്ചത്. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മമത 'ജയ് ശ്രീ റാം' മന്ത്രം ചൊല്ലുമെന്നും അദ്ദേഹം പരിഹസിച്ചു.