ന്യൂഡൽഹി: ചൈനയും അമേരിക്കയും ഉൾപ്പടെ പല രാജ്യങ്ങളിലെയും കൊവിഡ് 19 കേസുകളിൽ പെട്ടെന്നുണ്ടായ വർധനവിനെ തുടർന്ന് മുൻകരുതലുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വകഭേദങ്ങൾ ട്രാക്കുചെയ്യുന്നതിന് പോസിറ്റീവ് കേസുകളുടെ മുഴുവൻ ജീനോം സീക്വൻസിങ് തയ്യാറാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ഇന്ത്യൻ SARS-CoV-2-ജീനോമിക്‌സ് കൺസോർഷ്യം (INSACOG) നെറ്റ്‌വർക്കിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
ജപ്പാൻ, യുഎസ്എ, കൊറിയ, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് 19 കേസുകൾ അടുത്തിടെ പെട്ടെന്ന് വർധിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ തയ്യാറെടുപ്പിലൂടെ രാജ്യത്തെ പുതിയ കൊവിഡ് വകഭേദങ്ങൾ സമയബന്ധിതമായി കണ്ടെത്താനും അതിനാവശ്യമായ പൊതുജനാരോഗ്യ നടപടികൾ ഏറ്റെടുക്കാനും സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, വാക്‌സിനേഷൻ, ഉചിതമായ പെരുമാറ്റം തുടങ്ങി അഞ്ച് തന്ത്രങ്ങളിലൂടെയാണ് ഇന്ത്യയ്‌ക്ക് കൊവിഡ് വ്യാപനം ഫലപ്രദമായി തടയാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.