ന്യൂഡൽഹി:കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ദക്ഷിണ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് 2.30ന് വെർച്വലായി ചേരുന്ന യോഗത്തിൽ പൊതുജനാരോഗ്യ തയാറെടുപ്പുകളും പ്രതികരണ നടപടികളും അവലോകനം ചെയ്യും.
കേരളം ഉൾപ്പെടെ ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
നേരത്തെ ഒമ്പത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ഉന്നതതല യോഗം ചേർന്ന കേന്ദ്രമന്ത്രി, കൊവിഡ് പരിശോധനയും വാക്സിനേഷനും സംബന്ധിച്ച ഡാറ്റ സമയബന്ധിതമായി അയയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. പരിശോധന കുറഞ്ഞ സംസ്ഥാനങ്ങളിൽ പരിശോധന വേഗത്തിലാക്കണമെന്നും വീടുകളിൽ ഐസൊലേഷനിലുള്ളവരെ കാര്യക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.