ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനകാര്യ മന്ത്രി നിർമല സീതാരാമൻ രാഷ്‌ട്രപതി ഭവനിലെത്തി. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ അനുമതി തേടുന്നതിനായാണ് നിർമല സീതാരാമൻ രാഷ്‌ട്രപതി ഭവനിലെത്തിയത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, ഭഗവത് കരാദ് എന്നിവരും ധനകാര്യ മന്ത്രാലയത്തിലെത്തി.
11 മണിയോടെ ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗം ആരംഭിക്കും. കഴിഞ്ഞ തവണത്തെ പോലെ പൂർണമായും കടലാസ് രഹിത ബജറ്റാണ് ഇത്തവണയും അവതരിപ്പിക്കുക. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള സർക്കാർ കണക്കാക്കിയ വരവു ചെലവുകളുടെ പ്രസ്‌താവന മന്ത്രി അവതരിപ്പിക്കും.
ലോക്‌സഭയിലെ ബജറ്റ് അവതരണം അവസാനിച്ച് ഒരു മണിക്കൂറിന് ശേഷം ധനമന്ത്രി രാജ്യസഭയിൽ ബജറ്റ് അവതരിപ്പിക്കും. 2003ലെ ഫിസ്‌ക്കൽ റെസ്‌പോൺസിബിലിറ്റി ആന്‍റ് ബജറ്റ് മാനേജ്‌മെന്‍റ് ആക്‌റ്റിന്‍റെ സെക്ഷൻ 3 (1) പ്രകാരമുള്ള മീഡിയം ടേം ഫിസ്‌ക്കൽ പോളിസി കം ഫിസ്‌ക്കൽ പോളിസി സ്‌ട്രാറ്റജി സ്‌റ്റേറ്റ്‌മെന്‍റ്, മാക്രോ ഇക്കണോമിക് ഫ്രെയിംവർക്ക് സ്‌റ്റേറ്റ്‌മെന്‍റ് എന്നിവയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഓരോ പകർപ്പും മന്ത്രി മേശപ്പുറത്ത് വെക്കും.