ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് കടുത്ത പ്രതിസന്ധി സൃഷ്‌ടിക്കുമ്പോൾ പിന്തുണയുമായി യുണിസെഫ്. കൊവിഡിനെ നേരിടാൻ 3,000 ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ, പരിശോധനയ്‌ക്കും ചികിത്സയ്‌ക്കും ആവശ്യമായ ഉപകരണങ്ങൾ എന്നിവയാണ് യുണിസെഫ് രാജ്യത്തേക്ക് അയച്ചിരിക്കുന്നത്. രാജ്യത്തിന് ആവശ്യമായ വാക്‌സിൻ ലഭ്യമാക്കുന്നതിനും സഹായിക്കാമെന്നും യുണിസെഫ് അറിയിച്ചു. വെള്ളിയാഴ്‌ച നടത്തിയ പത്രസമ്മേളനത്തിൽ യുഎൻ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസിന്‍റെ ഇന്ത്യയെ പിന്തുണച്ചുള്ള ട്വീറ്റും അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പരാമർശിച്ചു.
ഇന്ത്യയ്ക്ക് പിന്തുണയുമായി യുണിസെഫ്
കൊവിഡിനെ നേരിടാൻ 3,000 ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ, പരിശോധനയ്‌ക്കും ചികിത്സയ്‌ക്കും ആവശ്യമായ ഉപകരണങ്ങൾ എന്നിവയാണ് യുണിസെഫ് രാജ്യത്തേക്ക് അയച്ചിരിക്കുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ആശുപത്രികൾക്കായി 25 ഓക്‌സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കാനും രാജ്യവ്യാപകമായി തുറമുഖങ്ങളിലെ പ്രവേശന സ്ഥലങ്ങളിൽ തെർമൽ സ്‌കാനറുകൾ സ്ഥാപിക്കാനും യുണിസെഫ് സഹായിക്കുന്നുണ്ട്. ഓക്‌സിജൻ കോൺസൺട്രേറ്ററുകൾക്കൊപ്പം യുണിസെഫ് 500 ൽ അധികം നേസൽ ക്യാനുലാസും 85 ആർടി-പിസിആർ ഉപകരണങ്ങളും നൽകിയിട്ടുണ്ട്.
ദുരിതം അനുഭവിക്കുന്ന കുട്ടികൾക്ക് സേവനങ്ങൾ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനും 17 സംസ്ഥാനങ്ങളിലെ 12 ദശലക്ഷത്തിലധികം കുട്ടികളെ വീട്ടിൽ ഇരുന്നുള്ള പഠനം തുടരാൻ ഇന്ത്യൻ സർക്കാരിനെ സഹായിക്കുമെന്നും ഫർഹാൻ ഹഖ് അറിയിച്ചു. മാത്രമല്ല ഇന്ത്യയിൽ കൂടുതൽ പരിശോധനാ ഉപകരണങ്ങൾ, ഓക്‌സിജൻ ഉപകരണങ്ങൾ തുടങ്ങിയവ അടിയന്തരമായി വിതരണം ചെയ്യുന്നതിന് 21 ദശലക്ഷം യുഎസ് ഡോളർ ആവശ്യമാണെന്നും യുണിസെഫ് അറിയിച്ചു.