ന്യൂഡൽഹി: ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ ദേശീയ തലത്തിൽ വലിയ രാഷ്‌ട്രീയ പോരുകൾക്ക് വഴി വച്ചതിന് പിന്നാലെ വീണ്ടും പ്രതിസന്ധിയിലായി രാഹുൽ. ലണ്ടനിൽ താൻ നടത്തിയ പരാമർശങ്ങളിൽ വിശദീകരണം നൽകാൻ ദേശീയ തലസ്ഥാനത്ത് വ്യാഴാഴ്‌ച വാർത്ത സമ്മേളനം നടത്തിയിരുന്നു. മുതിർന്ന പാർട്ടി നേതാവ് ജയറാം രമേഷ് പത്ര സമ്മേളത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ തിരുത്തുന്നത് വൈറൽ ആയിതോടെയാണ് പുതിയ പ്രശ്‌നം ആരംഭിച്ചത്.
നിർഭാഗ്യവശാൽ ഞാനൊരു പാർലമെന്‍റ് അംഗമാണ് എന്ന് രാഹുൽ ഗാന്ധി പറയുന്ന വാർത്ത സമ്മേളനത്തിന്‍റെ ക്ലിപ്പ് വൈറലായതാണ് പുതിയ പ്രശ്‌നങ്ങൾക്ക് കാരണം. ഇതോടെ വാർത്ത സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയെ ജയറാം രമേശ് തിരുത്തിയ സംഭവത്തെ പരിഹസിച്ച് ബിജെപി രഗത്ത് വന്നു. തന്‍റെ ലണ്ടൻ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കാനാണ് രാഹുൽ വാർത്താസമ്മേളനം വിളിച്ചത്. സംസാരത്തിനിടെ രാഹുൽ പറഞ്ഞതിനെ തിരുത്തി ജയറാം രമേശ് ഇടപെടുകയായിരുന്നു.
'നിർഭാഗ്യവശാൽ, ഞാനൊരു പാർലമെന്‍റംഗമാണ്. പാർലമെന്‍റിൽ എനിക്കെതിരെ ആരോപണം ഉന്നയിച്ചത് നാല് മന്ത്രിമാരാണ്. സംസാരിക്കാനുള്ള എന്‍റെ അവസരം വേണമെന്നത് ജനാധിപത്യ അവകാശമാണ്' എന്നാണ് രാഹുൽ പറഞ്ഞത്. നിർഭാഗ്യവശാൽ എന്ന് കേട്ട ഉടൻ തന്നെ ജയറാം രമേശ് അദ്ദേഹത്തിന്‍റെ സംസാരം തടയുകയും നിർഭാഗ്യവശാൽ എന്ന പ്രയോഗം ബിജെപിക്കാർ ഇതൊരു അവസരമായിക്കണ്ട് പരിഹസിക്കുമെന്നും നിർഭാഗ്യവശാൽ എന്നത് ജനങ്ങളുടെ നിർഭാഗ്യത്താൽ എന്ന് തിരുത്തണമെന്നും ആവശ്യപ്പെട്ടു. വളരെ പതിഞ്ഞ സ്വരത്തിലാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും മൈക്ക് ഓൺ ആയിരുന്നതിനാൽ എല്ലാവരും കേൾക്കുകയും വീഡിയോ റെക്കോഡാവുകയും ചെയ്‌തു. ജയറാം രമേശ് പറഞ്ഞത് കേട്ടയുടൻ രാഹുൽ അതേറ്റു പറയുകയും ചെയ്‌തു.
വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായതോടെ ബിജെപി സംഭവം ഏറ്റെടുത്തു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ തന്‍റെ ട്വിറ്റർ ഹാൻഡിൽ രാഹുലിന്‍റെ വാർത്ത സമ്മേളനത്തിൽ നിന്നുള്ള 25 സെക്കൻഡ് ക്ലിപ്പ് പങ്ക് വച്ചിരിന്നു. ഇനി എത്ര കാലം, എങ്ങനെയൊക്കെ താങ്കൾ അദ്ദേഹത്തെ പഠിപ്പിക്കുമെന്ന് ബിജെപി നേതാവ് സംപീത് പത്ര പരിഹസിക്കുകയും ചെയ്‌തു.