കേരളം

kerala

ETV Bharat / bharat

ഉമേഷ് പാല്‍ കൊലക്കേസ് : ഒരു പ്രതിയെ കൂടി വെടിവച്ചുകൊന്ന് യുപി പൊലീസ്

ഉമേഷ് പാല്‍ കൊലക്കേസിലെ പ്രതിയായ വിജയ്‌ ചൗധരിയെയാണ് പ്രയാഗ്‌രാജില്‍ വച്ച് പൊലീസ് കൊലപ്പെടുത്തിയത്

By

Published : Mar 6, 2023, 9:33 AM IST

Updated : Mar 6, 2023, 11:13 AM IST

umesh pal murder case  vijay choudari killed  umesh pal murder case accused vijay choudari  vijay choudari killed in police encounter  പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു  ഉമേഷ് പാല്‍ കൊലക്കേസ്  വിജയ്‌ ചൗധരി  കൊലക്കേസിലെ പ്രതിയെ പൊലീസ് വധിച്ചു  ഉത്തര്‍പ്രദേശ്
UP POLICE ENCOUNTER

പ്രയാഗ്‌രാജ് :ഉമേഷ് പാല്‍ കൊലക്കേസിലെ ഒരു പ്രതിയെ കൂടി യുപി പൊലീസ് വെടിവച്ചുകൊന്നു. കേസില്‍ പ്രധാന പ്രതിയായ ഉസ്‌മാന്‍ എന്നറിയപ്പെടുന്ന വിജയ്‌ ചൗധരിയെയാണ് പൊലീസ് കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിലൂടെയാണ് വധമെന്നാണ് പൊലീസ് വാദം. ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

പ്രയാഗ്‌രാജ് കൗധിയാര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പൊലീസും അക്രമികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. ഉമേഷ് പാല്‍ വധക്കേസിലെ പ്രതികള്‍ക്കായി പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. അന്വേഷണ സംഘത്തെ കണ്ട വിജയ് ചൗധരിയാണ് അവര്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്തതെന്നാണ് പൊലീസ് അറിയിക്കുന്നത്.

ഇതിന് പിന്നാലെ പൊലീസ് നടത്തിയ തിരിച്ചടിയിലാണ് വിജയ്‌ ചൗധരിക്ക് വെടിയേറ്റതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. തുടര്‍ന്ന് ഇയാളെ എസ്‌ എന്‍ ആര്‍ ആശുപത്രിയിലേക്ക് പൊലീസ് മാറ്റി. അവിടെ വച്ചാണ് വിജയ്‌ ചൗധരി മരിച്ചത്.

ഉമേഷ് പാല്‍ വധക്കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്നും ഉമേഷ് പാലിന് നേരെ ആദ്യം വെടിയുതിര്‍ത്തത് വിജയ് ചൗധരിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട വിജയ്‌ ചൗധരി പ്രയാഗ്‌രാജ് സ്വദേശിയാണ്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഉമേഷ് പാല്‍ വധക്കേസില്‍ വിജയ്‌ ചൗധരിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുപി പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് വിജയ് ചൗധരി. നേരത്തെ, കേസിലെ പ്രതികളിലൊരാളായ അര്‍ബാസിനെയും പൊലീസ് വധിച്ചിരുന്നു. പ്രയാഗ്‌രാജിലെ ധുമന്‍ഗഞ്ചില്‍ വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

ഉമേഷ്‌ പാല്‍ വധക്കേസ് :ഉത്തര്‍പ്രദേശിലെ ബിഎസ്‌പി എംഎല്‍എ ആയിരുന്ന രാജുപാല്‍ വധക്കേസിലെ പ്രധാന ദൃക്‌സാക്ഷിയാണ് ഉമേഷ് പാല്‍. 2005 ലാണ് രാജുപാല്‍ കൊല്ലപ്പെടുന്നത്. ഈ കേസിലെ മുഖ്യസാക്ഷിയായ ഉമേഷ് പാല്‍ കഴിഞ്ഞ മാസം 24ന് വെടിയേറ്റ് മരിച്ചു.

പ്രയാഗ്‌രാജിലുള്ള ഇയാളുടെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. ഇതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് ഉമേഷ് പാല്‍ മരിക്കുന്നത്. എംഎല്‍എ വധക്കേസിലെ മുഖ്യസാക്ഷിയായിരുന്നത് കൊണ്ട് ഉമേഷ് പാലിന് പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു.

എന്നാല്‍ ഇത് മറികടന്നായിരുന്നു അക്രമികള്‍ അദ്ദേഹത്തെ വധിച്ചത്. വെടിവയ്പ്പി‌ല്‍ ഉമേഷിനൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും വെടിയേറ്റിരുന്നു. ഏഴ് പേരടങ്ങിയ സംഘമാണ് ഉമേഷ് പാലിനെ ആക്രമിച്ചത്.

ഇതില്‍ രണ്ട് പേരാണ് ഇപ്പോള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ശേഷിക്കുന്നവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സര്‍ക്കാരിന്‍റെ ബുള്‍ഡോസര്‍ നടപടി :ഉമേഷ് പാല്‍ വധക്കേസില്‍ ആരോപണവിധേയനായ മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിന്‍റെ സഹായിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. അതിഖ് അഹമ്മദിന്‍റെ അടുത്ത സഹായിയായ സഫര്‍ അഹമ്മദിന്‍റെ വീടാണ് നിലംപരിശാക്കിയത്. ജില്ല ഭരണകൂടം, പ്രയാഗ്‌രാജ് ഡെവലപ്‌മെന്‍റ് അതോറിറ്റി, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്ത നടപടിയായിരുന്നു ഇത്. അനധികൃതമായാണ് വീട് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Last Updated : Mar 6, 2023, 11:13 AM IST

ABOUT THE AUTHOR

...view details