ലഖ്‌നൗ (ഉത്തര്‍പ്രദേശ്):ബിഎസ്‌പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. ഉമേഷ് പാലിനെ കൊലപ്പെടുത്തിയ ഷൂട്ടര്‍ ഗുഡ്ഡു മുസ്‌ലിമും മാഫിയ തലവന്‍ ആതിഖ് അഹ്‌മദിന്‍റെ ഭാര്യസഹോദരന്‍ ഡോ.അഖ്‌ലാഖും തമ്മിലുള്ള കൂടിക്കാഴ്‌ചയുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം അഖ്‌ലാഖിനെ കഴിഞ്ഞദിവസം മീററ്റില്‍ വച്ച് യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്‌റ്റ് ചെയ്‌തിരുന്നു.
അഭയം നല്‍കി, അകത്തായി: കേസില്‍ നിര്‍ണായകമായി കരുതപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ മാര്‍ച്ച് അഞ്ചിലേതാണ്. ഷൂട്ടര്‍ ഗുഡ്ഡു മുസ്‌ലിം മീററ്റിലെ ഡോ. അഖ്‌ലാഖിന്‍റെ വീട്ടിലെത്തുന്നു. ഈ സമയം അഖ്‌ലാഖ് ആലിംഗനം ചെയ്‌താണ് ഇയാളെ വരവേല്‍ക്കുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം കൊലപാതകത്തില്‍ പങ്കാളികളായവര്‍ക്ക് താവളമൊരുക്കിയതു വഴി അവരെ സഹായിച്ചു എന്ന കുറ്റമാണ് അഖ്‌ലാഖിനെതിരെ അന്വേഷണം സംഘം ചുമത്തിയിട്ടുള്ളത്.
മീററ്റിലെ ഭവന്‍പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ജോലി ചെയ്യുന്ന ഡോ.അഖ്‌ലാഖ്, തന്‍റെ സഹോദരി ഭര്‍ത്താവായ ആതിഖിനെ നിരന്തരം ജയിലിലെത്തി കാണാറുണ്ടായിരുന്നുവെന്നും ഉമേഷ് പാല്‍ വധക്കേസിലെ കുറ്റവാളികളായ ഗുഡ്ഡുവിനും ആതിഖിന്‍റെ മകനും ഒളിവില്‍ കഴിഞ്ഞത് ഇദ്ദേഹത്തിന്‍റെ വീട്ടിലാണെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
ആതിഖ് നൈനി സെൻട്രല്‍ ജയിലിലേക്ക്:അതേസമയം രാജു പാല്‍ കൊലപാതക കേസില്‍ ശിക്ഷയനുഭവിക്കുന്ന മാഫിയ തലവന്‍ ആതിഖ് അഹമ്മദിനെ അടുത്തിടെ സബർമതി ജയിലിൽ നിന്ന് പ്രയാഗ്‌രാജിലെ നൈനി സെൻട്രൽ ജയിലിലെത്തിച്ചിരുന്നു. രാജുപാല്‍ കൊല്ലപ്പെട്ട കേസിലെ മുഖ്യ സാക്ഷിയായിരുന്ന ഉമേഷ് പാലിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രയാഗ്‌രാജ് കോടതി വിധി പ്രസ്‌താവിക്കുന്നതിന് മുന്നോടിയായിരുന്നു ഇത്.