ന്യൂഡൽഹി:യുക്രൈനില്‍ റഷ്യന്‍ ആക്രമണങ്ങള്‍ അനുദിനം കനക്കുകന്ന് ഇന്ത്യയെ വലിയ രീതിയില്‍ ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും എംബസിയും ദിനംപ്രതി നൂറ് കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് നാട്ടില്‍ എത്തിക്കുന്നത്. ഇതില്‍ കൂടുതലും മെഡിക്കല്‍ പഠനത്തിനായി യുക്രൈനില്‍ എത്തിയ വിദ്യാര്‍ഥികളാണെന്നതാണ് വസ്തുത.
എന്തുകൊണ്ട് ഇന്ത്യയില്‍ നിന്നും ഇത്രയേറെ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പഠനത്തിനായി യുക്രൈന്‍ തെരഞ്ഞെടുക്കുന്നു എന്നതിന് വിവിധ കാരണങ്ങളാണുള്ളത്. കീവിലെ ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച് യുക്രൈനിയൻ സർവകലാശാലകളിൽ ഏകദേശം 18000 ഇന്ത്യൻ വിദ്യാർഥികൾ മെഡിസിനും എഞ്ചിനീയറിങും പഠിക്കുന്നുണ്ട്. യുക്രൈനിൽ പഠിക്കുന്ന 76,000 വിദേശ വിദ്യാര്‍ഥികളില്‍ ഏറ്റവും വലിയ ഗ്രൂപ്പാണ് ഇന്ത്യൻ വിദ്യാർഥികൾ.
ചൈന, തുർക്കി, ഇസ്രായേൽ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും തങ്ങളുടെ ഉപരിപഠനത്തിനായി യുക്രൈനെ തെരഞ്ഞെടുക്കുന്നുണ്ട്. മെഡിസിൻ പഠിക്കുന്നത് വളരെ ചെലവുകുറഞ്ഞതാണ്. ഒരു വിദ്യാർഥിക്ക് ഇന്ത്യയിലെ ഒരു സ്വകാര്യ കോളജിൽ മെഡിസിൻ പഠിക്കാൻ കുറഞ്ഞത് 60 ലക്ഷം മുതൽ 1 കോടി രൂപ വരെ നൽകണം. അതേസമയം യുക്രൈനിൽ ബിരുദം നേടുന്നതിന് 15 മുതൽ 22 ലക്ഷം രൂപ വരെ മാത്രമേ എടുക്കൂ എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡന്റ് ഡോ. സഹജാനന്ദ് സിങ് ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read: ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഖാർകിവ് വിടണമെന്ന് ഇന്ത്യൻ എംബസി
മാത്രമല്ല യുക്രൈനിലെ ഒരു മെഡിക്കൽ കോളജിൽ സീറ്റ് ലഭിക്കുന്നതിന് ഏതെങ്കിലും പ്രവേശന പരീക്ഷയ്ക്ക് ഹാജരാകേണ്ട ആവശ്യമില്ലെന്നതും മറ്റൊരു കാര്യമാണ്. മാത്രമല്ല യുക്രൈനിലെ മിക്ക സര്‍വകലാശാലകള്‍ക്കും ലോകാരോഗ്യ സംഘടന, യൂറോപ്യൻ കൗൺസിൽ ഓഫ് മെഡിസിൻ, യുണൈറ്റഡ് കിംഗ്ഡത്തിലെ ജനറൽ മെഡിക്കൽ കൗൺസിൽ തുടങ്ങിയവയുടെ അംഗീകാരവുണ്ട്.
ഇത് മാത്രമല്ല ഇന്ത്യയിലെ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷിനൊപ്പം മറ്റ് വിദേശ ഭാഷകളിലും പ്രാവിണ്യം നേടാനും വിദേശ രാജ്യങ്ങളില്‍ പഠനം ഗുണകരമാണ്. ഇതുകൂടി പരിഗണിച്ചാണ് തീരുമാനം. അത് മാത്രമല്ല ഉക്രൈനിലെ പഠനഭാഷ ഇംഗ്ലീഷാണെന്നതും കുട്ടികളെ യുക്രൈനിലേക്ക് ആകര്‍ഷിക്കുന്നു.
കുട്ടികള്‍ക്ക് കോഴ്സ് പഠിക്കാന്‍ മുടക്കേണ്ട തുകയുടെ വ്യത്യാസം തന്നെയാണ് യുക്രൈനില്‍ അയ്ക്കാന്‍ മതാപിതാക്കളെ നിര്‍ബന്ധിതരാക്കുന്നതെന്നാണ് എം.ബി.ബി.എസ് പഠിക്കുന്ന കുട്ടിയുെട പിതാവ് ഇടിവി ഭാരതിനോട് പ്രതികരിച്ചത്. മകള്‍ കഴിഞ്ഞ വര്‍ഷമാണ് യുക്രൈനിലേക്ക് പോയത്. നീറ്റ് പരീക്ഷ എഴുതിയെങ്കിലും സീറ്റ് കിട്ടാതായതോടെയാണ് യുക്രൈനിലേക്ക് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: യുക്രൈനില്‍ ആണവായുധം പ്രയോഗിക്കാനൊരുങ്ങി റഷ്യ: ഭീതി പടര്‍ത്തി റഷ്യൻ വിദേശകാര്യ മന്ത്രി
അതേസമയം ഒഴിപ്പിക്കപ്പെട്ട് രാജ്യത്ത് തിരിച്ചെത്തുന്ന കുട്ടികള്‍ക്കും ആശങ്ക വര്‍ധിക്കുകയാണ്. എപ്പോള്‍ തിരിച്ച് പോകാമെന്ന് അവര്‍ക്ക് കൃത്യമായ അറിയിപ്പ് ലഭിക്കുന്നുമില്ല. എന്നാല്‍ രണ്ട് ആഴ്ചക്കകം ക്ലാസുകള്‍ പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാജ്യത്ത് തിരിച്ചെത്തിയ മേഘാലയ സ്വദേശിയായ ഇഷിക ഇടിവി ഭാരതിനോട് പറഞ്ഞു. ഇന്ത്യയിലെ ഫീസ് ഘടന അന്വേഷിച്ച് മനസിലാക്കിയതിനാലാണ് തങ്ങള്‍ യുക്രൈന്‍ തെരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയിലെ പല കോളജുകളും ഫീസ് കുറച്ചു തരാന്‍ തയ്യാറാകും. എന്നാല്‍ അവര്‍ക്ക് വലിയ തുക ഡൊണേഷന്‍ നല്‍കണം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സീറ്റ് ലഭിക്കാനാകട്ടെ കടുത്ത മത്സരമാണ്. 2021-ലെ നീറ്റ്-യുജിക്ക് 16 ലക്ഷത്തിലധികം വിദ്യാർത്ഥികൾ അപേക്ഷിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഒരു സീറ്റിനായി 16 പേര്‍ മത്സരിക്കുന്നു എന്നാണ്. ഇന്ത്യയിലുടനീളം ഏകദേശം 90,000 എംബിബിഎസ് സീറ്റുകളുണ്ടെന്നാണ് കണക്ക്. 536 മെഡിക്കൽ കോളജുകളും രാജ്യത്തുണ്ട്.
അതേസമയം വിദ്യര്‍ഥികളെ യുക്രൈന്‍ പോലുള്ള രാജ്യങ്ങളിലയക്കാന്‍ ഏജന്‍റുമാരും കിണഞ്ഞ് പരിശ്രമിക്കാറുണ്ട്. വിദേശത്ത് മെഡിസിൻ പഠിക്കാൻ താൽപ്പര്യമുള്ള ഒരു വിദ്യാർഥിയിൽ നിന്ന് ഒരു ഏജന്റിന് ഏകദേശം 2 ലക്ഷം രൂപ കമ്മീഷനായി ലഭിക്കുന്നു എന്നതാണ് ഇവരെ ഇതിലേക്ക് അടുപ്പിക്കുന്നത്.