ന്യൂഡൽഹി: ഇന്ത്യയിലെ ബിബിസി ഓഫിസുകളിൽ നടന്ന ആദായ നികുതി വകുപ്പിന്‍റെ പരിശോധന സംബന്ധിച്ച വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടുന്നയിച്ച് ബ്രിട്ടന്‍. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ നിർണായക യോഗത്തിൽ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജയിംസ് ക്ലെവർലിയാണ് ബുധനാഴ്‌ച നടത്തിയ ഉഭയകക്ഷി ചർച്ചയിൽ വിഷയം ഉന്നയിച്ചത്.
എന്നാൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിയമങ്ങൾ ഒരുപോലെ ബാധകമാണെന്ന് എസ് ജയശങ്കർ മറുപടി നൽകി. 'ഇന്ന് യുകെ വിദേശകാര്യ സെക്രട്ടറി ബിബിസി നികുതി പ്രശ്‌നം അവതരിപ്പിച്ചു. ഇതിന് മറുപടിയായി രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിക്കണമെന്ന് ഇന്ത്യ മറുപടി നൽകി', കേന്ദ്ര സർക്കാർ വൃത്തം അറിയിച്ചു.
അതേസമയം ജയിംസ് ക്ലെവർലിയുമായുള്ള ചർച്ചയിൽ ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്‌തതായി എസ് ജയശങ്കർ ട്വീറ്റ് ചെയ്‌തു. 'ഉഭയകക്ഷി കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഞങ്ങളുടെ ബന്ധങ്ങളിൽ ഉണ്ടായ പുരോഗതി അവലോകനം ചെയ്‌തു. ആഗോള സാഹചര്യത്തെക്കുറിച്ചും ജി 20 അജണ്ടയെക്കുറിച്ചും ഞങ്ങളുടെ കാഴ്‌ചപ്പാടുകൾ പരസ്‌പരം കൈമാറി', എസ് ജയശങ്കർ ട്വീറ്റ് ചെയ്‌തു.