ന്യൂഡല്‍ഹി :ഉന്നത വിദ്യാഭ്യാസത്തിനായുള്ള പാഠപുസ്‌തകങ്ങള്‍ മാതൃഭാഷകളില്‍ അച്ചടിക്കാനുള്ള പ്രോത്സാഹനം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍മാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും യുജിസി(University Grants Commission) കത്തയച്ചു. പാഠപുസ്‌തകങ്ങള്‍ മാതൃഭാഷകളില്‍ ആക്കുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപനവും പഠനവും മാതൃഭാഷകളിലാക്കുന്നതിനുള്ള പ്രോത്സാഹനവും നല്‍കണമെന്ന് ഗവര്‍ണര്‍മാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും നല്‍കിയ കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് യുജിസി ചെയര്‍മാര്‍ എം ജഗദീഷ്‌കുമാര്‍ പറഞ്ഞു.
"2020 ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രധാനപ്പെട്ട ഊന്നലുകളില്‍ ഒന്നാണ് അധ്യാപനം ഇന്ത്യന്‍ ഭാഷകളില്‍ ആക്കണം എന്നുള്ളത്. അധ്യാപനവും പാഠപുസ്‌കങ്ങളും മാതൃഭാഷയില്‍ വേണമെന്നതിന്‍റെ പ്രധാന്യത്തെകുറിച്ച് ദേശീയ വിദ്യാഭ്യാസ നയം എടുത്തുപറയുന്നു. നമ്മുടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാതൃഭാഷകളിലുള്ള പാഠപുസ്‌തകങ്ങള്‍ ഉപയോഗിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്" - കുമാര്‍ പറഞ്ഞു.
ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദ തലത്തില്‍ പല കോളജുകളിലും അധ്യാപനം മാതൃഭാഷകളിലും പ്രാദേശിക ഭാഷകളിലും നടത്തുന്നുണ്ട്. സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ഗുണം ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ നിന്നും മറ്റ് ഉള്‍പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക്.
ഉന്നത വിദ്യാഭ്യാസത്തിലെ പല കോഴ്‌സുകളിലുമുള്ള പാഠപുസ്‌കങ്ങളും പഠന സാമഗ്രികളും പ്രാദേശിക ഭാഷകളില്‍ ലഭിക്കുന്നില്ല എന്നത് ആശങ്കാജനകമാണ്. 2020 ദേശീയ വിദ്യാഭ്യാസ നയം നിര്‍ദേശിക്കുന്നത് ഉന്നത വിദ്യാഭ്യാസം മാതൃഭാഷയില്‍ ലഭ്യമാക്കണം എന്നാണ്. ഇത് നടപ്പാക്കുന്നതിന്‍റെ ആദ്യപടിയെന്ന നിലയില്‍ ഇപ്പോള്‍ പ്രാദേശിക ഭാഷയില്‍ ലഭ്യമല്ലാത്ത പാഠപുസ്‌തകങ്ങള്‍ അത്തരത്തില്‍ ലഭ്യമാക്കണം.
സാമൂഹികമായി പരിമിതികള്‍ അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാകുന്നതിനും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗ്രോസ് എന്‍ റോള്‍മെന്‍റ് റേഷ്യോ 2035ഓടുകൂടി 27 ശതമാനത്തില്‍ നിന്ന് 50 ശതമാനം ആക്കുന്നതിനും മാതൃഭാഷയുടെ കൂടുതലായുള്ള ഉപയോഗം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.