ബെംഗളൂരു: ഉഡുപ്പി വീഡിയോ വിവാദത്തില്‍, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും കുടുംബാംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് ബിജെപി പ്രവർത്തക പിടിയില്‍. കോൺഗ്രസ് പ്രവർത്തകൻ ഹനുമന്തരായ, നൽകിയ പരാതിയില്‍ എസ് ശകുന്തളയ്‌ക്കെതിരെയാണ് പൊലീസ് നടപടി. ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്‌റ്റേഷനിലാണ് ഇവര്‍ക്കെതിരായി കേസെടുത്തത്.
പ്രതിപക്ഷമായ ബിജെപിയിൽ നിന്ന് ഇതിനകം തന്നെ ഏറെ വിമർശനത്തിന് ഇടയാക്കിയ സംഭവമാണ് ഉഡുപ്പി കോളജിലുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ് ഘടകത്തിന്‍റെ പോസ്റ്റ് റീട്വീറ്റ് ചെയ്‌താണ് ശകുന്തള മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തിരിഞ്ഞത്. കർണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള കോളജിലെ വിദ്യാര്‍ഥിനികളുടെ ശുചിമുറിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയതാണ് സംഭവം.
കോണ്‍ഗ്രസിന്‍റെ പോസ്റ്റ് റീട്വീറ്റ് ചെയ്‌ത് വിമര്‍ശനം:ഒപ്പം പഠിക്കുന്ന വിദ്യാർഥിനിയെ ചിത്രീകരിച്ച സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ബിജെപി പ്രവര്‍ത്തകരും നേതാക്കളും വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതില്‍ കൂടുതലും വിദ്വേഷ പോസ്റ്റുകളായിരുന്നു. 'ഉഡുപ്പി കോളജിൽ വിദ്യാർഥിനികളുടെ വീഡിയോ ഷൂട്ട് ചെയ്‌തുവെന്നത് വ്യാജവാർത്തയാണ്. ഈ വാര്‍ത്ത സൃഷ്‌ടിച്ചവര്‍ തീർഥഹള്ളിയിൽ ഹിന്ദു വിദ്യാർഥിനികളുടെ അശ്ലീല വീഡിയോ എബിവിപി അധ്യക്ഷൻ ഷൂട്ട് ചെയ്‌തുവെന്ന യഥാർഥ വാർത്ത സംബന്ധിച്ച് എപ്പോഴാണ് മൗനം വെടിയുക.' - കർണാടക കോൺഗ്രസ് സംഭവത്തില്‍ ട്വീറ്റ് ചെയ്‌തിരുന്നു.
പൊലീസ് കാലതാമസം കൂടാതെ അന്വേഷണം നടത്തി, കുട്ടികള്‍ക്കിടയിലെ കാര്യങ്ങള്‍ രാഷ്‌ട്രീയ നേട്ടത്തിനായി ഉപ്പും മുളകും ഉപയോഗിക്കുന്നവര്‍ക്ക് മുന്‍പില്‍ സത്യംകൊണ്ടുവരണമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്‌തു. ഈ ട്വീറ്റാണ് ശകുന്തള റീട്വീറ്റ് ചെയ്‌തതും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതും. 'മുഖ്യമന്ത്രിയുടെ കൊച്ചുമകളുടെ വീഡിയോയാണ് ചിത്രീകരിച്ചിരുന്നതെങ്കില്‍ അദ്ദേഹം ഇത്തരത്തില്‍ പറയുമോ. ടോയ്‌ലറ്റിൽ ക്യാമറവച്ച് ഹിന്ദു വിദ്യാര്‍ഥിനികളുടെ വീഡിയോ എടുത്ത മുസ്‌ലിം പെണ്‍കുട്ടികള്‍ ചെയ്‌തത് തമാശയാണെന്നാണ് അവര്‍ പറയുന്നത്. പെൺകുട്ടികൾ എഴുതിയ പരാതിയും വ്യാജമാണെന്ന് കോൺഗ്രസും മറ്റുള്ളവരും പറയുന്നു. '- ഇങ്ങനെയായിരുന്നു ട്വീറ്റ്.
ഈ ട്വീറ്റിനെതിരെയാണ് പൊലീസ് നടപടി. നേരത്തെ, ഉഡുപ്പി വീഡിയോ സംഭവം മറച്ചുവയ്‌ക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെ അപലപിച്ച് തുംകൂർ ജില്ല കലക്‌ടറുടെ ഓഫിസിന് മുന്നിൽ പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധത്തിലടക്കം ശകുന്തള പങ്കെടുത്തിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും അവർ ഇവിടെവച്ച് ആവശ്യപ്പെട്ടു.
രാഷ്‌ട്രീയ ആയുധമാക്കി ബിജെപി:ഉഡുപ്പിയിലെ സ്വകാര്യ പാര മെഡിക്കൽ കോളജിലെ ശുചിമുറിയിൽ ഫോൺ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേസ് എൻഐഎയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബിജെപി വൻ പ്രതിഷേധ റാലിയാണ് സംഘടിപ്പിച്ചത്. ബിജെപി ഓഫിസ് മുതൽ ഉഡുപ്പി എസ്‌പി ഓഫിസ് വരെയായിരുന്നു റാലി. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോളജിനെതിരെയും കേസെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ 18ാം തിയതിയാണ് വിദ്യാര്‍ഥിനി സഹപാഠികള്‍ക്കെതിരെ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. മൂന്ന് പെണ്‍കുട്ടികള്‍ തന്‍റെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു ഈ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതേത്തുടര്‍ന്ന്, പെണ്‍കുട്ടികളെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.