ഉഡുപ്പി/ കർണാടക: ഉഡുപ്പിയിലെ ഗവൺമെന്‍റ് ഗേൾസ് പിയു കോളജിൽ ഹിജാബ് ധരിച്ച് വിദ്യാർഥികൾ ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കുന്നത് കർശനമായി നിരോധിച്ചു. കോളജ് വികസന സമിതി ചെയർമാനും ഉഡുപ്പി എംഎൽഎയുമായ രഘുപതി ഭട്ടാണ് ഇക്കാര്യം അറിയിച്ചത്. ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് കോളജിലെ അഞ്ചോളം വിദ്യാർഥികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്ലാസ് ബഹിഷ്‌കരിച്ച് സമരത്തിലായിരുന്നു.
കോളജ് അധികൃതരുടെ തീരുമാനത്തിനെതിരെ ക്ലാസ് ബഹിഷ്‌കരിച്ച് സമരം ചെയ്യുന്ന അഞ്ച് വിദ്യാർഥികളിൽ നാലുപേരുമായി അധികൃതർ ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് യൂണിഫോം മാത്രം അനുവദിക്കുന്ന ക്ലാസ് മുറികളിൽ വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നത് യൂണിഫോം കോഡിന് എതിരാണെന്ന തീരുമാനത്തിൽ അധികൃതർ എത്തിച്ചേർന്നത്.
ചൊവ്വാഴ്‌ച മുതൽ കാമ്പസിൽ വിദ്യാർഥികളെ അരാജകത്വമോ ആശയക്കുഴപ്പമോ സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന് രഘുപതി ഭട്ട് പറഞ്ഞു. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാനാകില്ലെന്ന തീരുമാനം പെൺകുട്ടികളുടെ മാതാപിതാക്കളെയും അറിയിച്ചിട്ടുണ്ട്. സംഘടനാ പ്രതിനിധികളെയും മാധ്യമ പ്രവർത്തകരെയും കാമ്പസിനകത്ത് പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
READ MORE:ഹിജാബ് ധരിക്കാൻ അനുവദിച്ചില്ല; ക്ലാസ് ബഹിഷ്‌കരിച്ച് വിദ്യാർഥികൾ
പരീക്ഷ അടുത്തിരിക്കുന്ന സമയത്ത് കോളജിൽ മറ്റ് വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്ന് പരാതി ലഭിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ഭട്ട് പറഞ്ഞു. വിദ്യാർഥികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ ഇനി എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറെ കാണണമെന്നും അച്ചടക്കം പാലിക്കുന്നവരെ മാത്രമേ ക്യാമ്പസിനുള്ളിൽ പ്രവേശിപ്പിക്കൂ എന്നും എംഎൽഎ കൂട്ടിച്ചേർത്തു.