ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരം വലിയ ആവേശമാണ് ക്രിക്കറ്റ് പ്രേമികളിലുണ്ടാക്കിയത്. പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് 2023ലെ മൂന്നാം ജയം സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ ഒരു ലക്ഷത്തിലധികം പേരാണ് എത്തിയത്.
മത്സരത്തിനിടെ പാക് താരം മുഹമ്മദ് റിസ്‌വാന്‍ വിക്കറ്റ് നഷ്‌ടപ്പെട്ട് പവലിയനിലേക്ക് മടങ്ങുകയായിരുന്ന സമയം ചില ആരാധകർ അദ്ദേഹത്തിന് നേരെ ജയ് ശ്രീറാം വിളിച്ചിരുന്നു ('Jai Shri Ram' Chants At Pakistan Player). ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ ജയ് ശ്രീറാം ഗാനം ഇപ്പോൾ നിർണായക ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് (Jai Shri Ram against Pakistani cricketer Rizwan). രാജ്യാന്തര മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ഒരു പ്രത്യേക മതത്തെ പുകഴ്ത്തി ഗാനം ആലപിക്കുന്നത് എന്ത് ന്യായമാണ് എന്നാണ് നെറ്റിസൺമാരുടെ ചോദ്യം.
അതേസമയം ഈ സംഭവത്തില്‍ നടനും തമിഴ്‌നാട് യുവജനക്ഷമ കായിക മന്ത്രിയുമായി ഉദയനിധി സ്റ്റാലിന്‍ പ്രതികരണവുമായി രംഗത്തെത്തി. 'ഇന്ത്യ കായികക്ഷമതയ്ക്കും ആതിഥ്യമര്യാദയ്ക്കും പേരുകേട്ടതാണ്. എന്നിരുന്നാലും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വച്ച് പാകിസ്ഥാൻ കളിക്കാരോട് കാണിച്ച പെരുമാറ്റം അസ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പോർട്‌സ് രാജ്യങ്ങൾ തമ്മിലുള്ള ഏകീകരണ ശക്തിയായിരിക്കണം.
യഥാർത്ഥ സാഹോദര്യം വളർത്തിയെടുക്കണം. വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഒരു ഉപകരണമായി അതിനെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും' എക്‌സ് ഹാൻഡിലില്‍ വീഡിയോ പങ്കുവച്ചുകൊണ്ട് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. നേരത്തെ സനാതൻ ധർമ്മ പ്രസംഗത്തിൽ മന്ത്രി ഉദയനിധി സ്റ്റാലിൻ വിമർശനം നേരിട്ടിരുന്നു.