ചെന്നൈ : സനാതന ധര്‍മ്മത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ (Udhayanidhi Stalin on Sanatan Dharma). സനാതന ധര്‍മ്മം സാമൂഹ്യ നീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രസ്‌താവന (Udhayanidhi Stalin on Sanatan Dharma). അതേസമയം ഉദയനിധി സ്റ്റാലിനെതിരെ പരാതിയുമായി ബിജെപി രംഗത്ത് വന്നു. മന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും ഉദയനിധി സ്റ്റാലിന്‍ പ്രസ്‌താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഇന്നലെ (സെപ്‌റ്റംബര്‍ 2) ചെന്നൈയില്‍ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ കുറിച്ച് പറഞ്ഞത്. 'ചില കാര്യങ്ങളെ എതിര്‍ക്കാനാകില്ല, അവ നിര്‍ത്തലാക്കുകയേ മാര്‍ഗമുള്ളൂ. ഡെങ്കി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിര്‍ക്കാന്‍ കഴിയില്ല. ഉന്മൂലനം ചെയ്യണം. അതുപോലെ തന്നെ സനാതന ധര്‍മ്മത്തെയും ഉന്മൂലനം ചെയ്യണം' - ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
ഡിഎംകെ നേതാവിന്‍റെ പ്രസ്‌താവനയില്‍ വിമര്‍ശനം രേഖപ്പെടുത്തി ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ രംഗത്തുവന്നു. 'ഗോപാലപുരം കുടുംബത്തിന്‍റെ ഏക ലക്ഷ്യം സംസ്ഥാന ജിഡിപിക്കും മുകളില്‍ സ്വത്ത് സമ്പാദിക്കുക എന്നതാണ്. ഉദയനിധി സ്റ്റാലിന്‍, ക്രിസ്‌ത്യന്‍ മിഷണറിമാരില്‍ നിന്ന് നിങ്ങള്‍ക്കോ നിങ്ങളുടെ പിതാവിനോ, അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ പിതാവിനോ, അതുമല്ലെങ്കില്‍ നിങ്ങളുടെ ആദര്‍ശവാദിക്കോ ലഭിച്ച ആശയങ്ങളുണ്ടാകും. അവ നിങ്ങളെ പോലുള്ളവരിലൂടെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അവരുടെ ക്ഷുദ്രമായ പ്രത്യയശാസ്‌ത്രം' -അണ്ണാമലൈ എക്‌സില്‍ കുറിച്ചു.
ഉദയനിധി സ്റ്റാലിനെതിരെ ബിജെപി ഐടി സെല്‍ മോധാവി അമിത് മാളവ്യയും രംഗത്തുവന്നിട്ടുണ്ട്. ഡിഎംകെ നേതാവ് ഭാരതത്തിലെ 80 ശതമാനം ജനങ്ങളെയും വംശഹത്യ ചെയ്യാന്‍ ആഹ്വാനം ചെയ്യുകയാണെന്ന് മാളവ്യ പ്രതികരിച്ചു. 'തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ മകനും ഡിഎംകെ സര്‍ക്കാരിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ മലേറിയയും ഡെങ്കിപ്പനിയുമായി ഉപമിച്ചിരിക്കുന്നു. എതിര്‍ക്കുക മാത്രമല്ല, അത് ഇല്ലാതാക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ചുരുക്കത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്യുകയായിരുന്നു, സനാതന ധര്‍മ്മം പിന്തുടരുന്ന ഭാരതത്തിലെ 80 ശതമാനം ആളുകളെയും വംശഹത്യ ചെയ്യാന്‍' - മാളവ്യ എക്‌സില്‍ കുറിച്ചു.
അതേസമയം, മാളവ്യയുടെ വിമര്‍ശനത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിന്‍ മറുപടിയുമായി രംഗത്തു വന്നിട്ടുണ്ട്. സനാതന ധര്‍മ്മം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാന്‍ താന്‍ ആഹ്വാനം ചെയ്‌തിട്ടില്ലെന്ന് ഡിഎംകെ നേതാവ് പ്രതികരിച്ചു. സനാതന ധര്‍മ്മം ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കും എന്നും അത് വേരോടെ പിഴുതെറിയുന്നത് മാനവികതയും സമത്വവും ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രതികരിച്ചത് സനാതന ധര്‍മ്മം മൂലം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയാണ്, പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഉദയനിധി സ്റ്റാലിന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.