ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനും ഡിഎംകെ പാര്‍ട്ടി യുവജനവിഭാഗം നേതാവും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്. നാളെ (ഡിസംബര്‍ 14) അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. മന്ത്രിസഭയില്‍ കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിന് നല്‍കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
നിലവില്‍ കരുണാനിധിയുടെ പഴയ മണ്ഡലമായ ചെപ്പോക്കില്‍ നിന്നുള്ള എംഎല്‍എയാണ് ഉദയനിധി സ്റ്റാലിന്‍. മന്ത്രിസഭയിലേക്ക് 'ചിന്നവരെ' ഉള്‍പ്പെടുത്തണമെന്ന് ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ നേരത്തേതന്നെ ആവശ്യം ഉന്നയിച്ചിരുന്നു. 2019ല്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായണ് ഉദയനിധി സ്റ്റാലിന്‍ ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയായി ചുമതലയേറ്റെടുത്തത്.
1982 മുതല്‍ 2017 വരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഈ പദവി വഹിച്ചിരുന്നത്. തുടര്‍ന്ന് 2021ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അദ്ദേഹം എംഎല്‍എ ആയി. നിയമസഭയിലേക്ക് എത്തുന്നതിന് മുന്‍പും പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാളായിരുന്നു ഉദയനിധി.
മധുരൈയില്‍ എയിംസ് സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ കയ്യില്‍ ഇഷ്‌ടികയുമായി അദ്ദേഹം നടത്തിയ പ്രതിഷേധം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിന്നവരുടെ പിറന്നാള്‍ സംസ്ഥാനത്ത് ഉടനീളമായാണ് ഡിഎംകെ പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. കരുണാനിധി, സ്റ്റാലിന്‍ എന്നിവര്‍ക്കായിരുന്നു നേരത്തെ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ആദരവ് ലഭിച്ചത്. ഇതെല്ലാം തന്നെ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്‍റെ വളര്‍ച്ചയും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും വ്യക്തമാക്കുന്നതാണ്.
മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി മറ്റ് വകുപ്പുകളിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. ഇതിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റിലെ മന്ത്രിമാരുടെ ചേംബറുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പടെ 34 മന്ത്രിമാരുടെ ചേംബറുകളുടെ നവീകരണ പ്രവര്‍ത്തികളാണ് പിഡബ്ല്യുഡിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
അതേസമയം മന്ത്രിസഭയിലേക്ക് ഉദയനിധി സ്റ്റാലിന്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി എഐഡിഎംകെ - ബിജെപി നേതാക്കളും രംഗത്തെത്തി. മറ്റുള്ളവര്‍ക്ക് ഇടമില്ലാത്ത രാജവംശ പാര്‍ട്ടിയാണ് ഡിഎംകെ എന്നതിന്‍റെ തെളിവാണ് ഇതെന്ന് എടപ്പാടി പളനിസ്വാമിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും കുറ്റപ്പെടുത്തി.