മധുര : പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് പ്രവേശിച്ച ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാതിരുന്നതിൽ വിമർശനവുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിൻ (Udhayanidhi On President's Absence new Parliament). വിധവയും ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആളുമായതിനാലാണ് രാഷ്‌ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്. ഇതിനെയാണ് സനാതന ധർമം എന്ന് വിളിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ ആരോപിച്ചു (Udhayanidhi Stalin on Sanatana Dharma).
'പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിച്ചിരുന്നില്ല. പുതിയ പാർലമെന്‍റിൽ ആദ്യമായി സമ്മേളനം നടത്തിയപ്പോഴും വനിത സംവരണ ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്‌തപ്പോഴും ക്ഷണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചില ഹിന്ദി നടിമാരെ പുതിയ പാർലമെന്‍റിലേക്ക് കൊണ്ടുപോയി. പക്ഷേ, രാഷ്ട്രപതിയെ ക്ഷണിച്ചില്ല. എന്തുകൊണ്ട്? കാരണം, ദ്രൗപദി മുർമു ഗോത്ര വിഭാഗത്തിൽ നിന്നുള്ളയാളാണ്, വിധവയാണ്. ഇതിനെയാണ് സനാതന ധർമം എന്ന് വിളിക്കുന്നത്' -ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin) പറഞ്ഞു.
നേരത്തെ സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമർശം വൻ വിവാദം സൃഷ്‌ടിച്ചിരുന്നു. 'ചില കാര്യങ്ങളെ എതിര്‍ക്കാനാകില്ല, അവ നിര്‍ത്തലാക്കുകയേ മാര്‍ഗമുള്ളൂ. ഡെങ്കി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിര്‍ക്കാന്‍ കഴിയില്ല. ഉന്മൂലനം ചെയ്യണം. അതുപോലെ തന്നെ സനാതന ധര്‍മത്തെയും ഉന്മൂലനം ചെയ്യണം' എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ വിവാദ പരാമർശം. സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന ഉദയനിധിയുടെ പരാമർശം രാജ്യത്തുടനീളം വലിയ കോലാഹലങ്ങൾ സൃഷ്‌ടിച്ചു. ഡിഎംകെ നേതാവ് ഭാരതത്തിലെ 80 ശതമാനം ജനങ്ങളെയും വംശഹത്യ ചെയ്യാന്‍ ആഹ്വാനം ചെയ്യുകയാണെന്നായിരുന്നു വിഷയത്തിൽ ബിജെപി ഐടി സെല്‍ മോധാവി അമിത് മാളവ്യയുടെ (Amit Malviya) പ്രതികരണം.
അതേസമയം, സനാതന ധര്‍മം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാന്‍ താന്‍ ആഹ്വാനം ചെയ്‌തിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. സനാതന ധര്‍മം ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുമെന്നും അത് വേരോടെ പിഴുതെറിയുന്നത് മാനവികതയും സമത്വവും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. താന്‍ പ്രതികരിച്ചത് സനാതന ധര്‍മം മൂലം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയാണെന്നും പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നും ഉദയനിധി വ്യക്തമാക്കി.