ചണ്ഡീഗഢ്: രണ്ട് നൂറ്റാണ്ടിലേറെ ഇന്ത്യന്‍ ജനതയെ അടക്കി ഭരിച്ച ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ ഒരു പേര്. നിരപരാധികളായ ആയിരങ്ങളുടെ ജീവനെടുത്ത ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് (jallianwala bagh massacre) വര്‍ഷങ്ങളോളം കാത്തിരുന്ന് പകരം ചോദിച്ച ഉധം സിങ് (Udham Singh) എന്ന പേര് പലര്‍ക്കും സുപരിചിതമല്ല. എന്നാല്‍ വിസ്‌മൃതിയിലാണ്ട് പോകേണ്ട ഒന്നല്ല അദ്ദേഹത്തിന്‍റെ പേരും വിപ്ലവ ജീവിതവും.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട മുന്‍ പഞ്ചാബ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മൈക്കിൾ ഒ'ഡ്വയറിനെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടനില്‍ വലിയൊരു ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് ഒരു ഇന്ത്യക്കാരന്‍ വെടിവച്ചു കൊന്നു. സര്‍ദാര്‍ ഉധം സിങായിരുന്നു ആ ഇന്ത്യക്കാരന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നോവിക്കുന്ന ഓര്‍മയായി മാറിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് സാക്ഷിയായ ഒരു പത്തൊമ്പതുകാരനാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രിട്ടീഷുകാരുടെ ക്രൂരതക്ക് പകരം ചോദിച്ചത്.
ഡ്വയറിന്‍റെ കൊലപാതകത്തിനപ്പുറം ബ്രിട്ടീഷുകാരെ പിടിച്ചുകുലുക്കിയത് ഉധം സിങ് പ്രതികാരം ചെയ്യുമ്പോൾ സ്വീകരിച്ച പേരായിരുന്നു. ഇന്ത്യയിലെ മൂന്ന് പ്രധാന മതങ്ങളേയും സ്വാതന്ത്ര്യത്തെയും പ്രതിനിധാനം ചെയ്‌ത റാം മുഹമ്മദ് സിങ് ആസാദ് എന്നായിരുന്നു ആ പേര്. 'വിഭജിച്ച് ഭരിക്കുക' എന്ന തന്ത്രത്തിലൂടെ ഒരു രാജ്യത്തെ രണ്ട് നൂറ്റാണ്ടിലധികം തങ്ങളുടെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവന്ന ബ്രിട്ടീഷുകാരെ അക്ഷരാര്‍ഥത്തില്‍ വെല്ലുവിളിക്കുകയായിരുന്നു ഉധം സിങ്. മതേതരത്വത്തിന്‍റെ പ്രതീകമായ ആ പേര് ഇല്ലാതാക്കുകയെന്നത് ബ്രിട്ടീഷുകാരുടെ പ്രധാന ലക്ഷ്യമായി മാറി.
രക്ഷസാക്ഷികളുടെ രാജാവ്
1899 ഡിസംബർ 26ന് സംക്രൂരിലെ സുനാം എന് ഗ്രാമത്തിലാണ് ഉധം സിങ് ജനിച്ചത്. ഷേർ സിങ് എന്നായിരുന്നു ഉധമിന്‍റെ മാതാപിതാക്കള്‍ നല്‍കിയ പേര്. ഉധം സിങിന്‍റെ അമ്മ മരണപ്പെടുകയും അച്ഛന്‍ അസുഖ ബാധിതനാവുകയും ചെയ്‌തതോടെ അമ്മാവന്‍ ചഞ്ചല്‍ സിങ് ഉധം സിങിനേയും സഹോദരനേയും അമൃത്‌സറിലെ അനാഥലയത്തില്‍ ചേര്‍ത്തു. അമൃത്‌സറിലെ അനാഥാലയത്തില്‍ വച്ചാണ് ഉധം സിങ് എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നത്. ഉധമിന് പതിനേഴ് വയസുള്ളപ്പോള്‍ സഹോദരന്‍ സദ്ദു സിങ് മരണപ്പെട്ടു.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് സാക്ഷിയാകുമ്പോള്‍ 19 വയസായിരുന്നു ഉധം സിങിന്‍റെ പ്രായം. മൈതാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വെള്ളം വിതരണം ചെയ്യുകയായിരുന്നു ഉധം. ഇതിനിടെയാണ് വെയിവയ്‌പ്പ് ആരംഭിക്കുന്നത്. ഒരു മരത്തിന് പിറകിലൊളിച്ച ഉധം ബ്രിട്ടീഷുകാരുടെ തോക്കുകള്‍ തന്‍റെ ജനതയുടെ ജീവനെടുക്കുന്നത് നേരില്‍ കണ്ടു. മനസ് മരവിപ്പിക്കുന്ന ആ കാഴ്‌ച ഉധമിനെ പിടിച്ചുലച്ചു. ബ്രിട്ടീഷ് ക്രൂരതക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ആ പത്തൊമ്പതുകാരന്‍ പ്രതിജ്ഞയെടുത്തു.
വര്‍ഷങ്ങള്‍ നീണ്ട വിദേശവാസം
ഉധം സിങ് തന്‍റെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ 1927ല്‍ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ജനറൽ റെജിനാൾഡ് ഡയർ മരണപ്പെട്ടിരുന്നു. എന്നാൽ കൂട്ടക്കൊലയ്ക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥൻ ഇംഗ്ലണ്ടിൽ ജീവനോടെയുണ്ടായിരുന്നു. പദ്ധതിയനുസരിച്ച് ആദ്യം ദക്ഷിണാഫ്രിക്കയിലേക്ക് കടന്ന ഉധം സിങ് അവിടെ നിന്ന് ലണ്ടനിലെത്തി. ഇതിനിടെ, സ്വാതന്ത്ര്യ സമരത്തിനായി വിദേശ ഇന്ത്യക്കാരെ അണിനിരത്തുന്ന ഗദര്‍ പാർട്ടിയിൽ ഉധം അംഗമായി.