മുംബൈ : ശിവസേനയുടെ അമ്പും വില്ലും മോഷ്‌ടിച്ച കള്ളനെ പാഠം പഠിപ്പിക്കണമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന് ശിവസേന എന്ന പേരും ചിഹ്നമായ അമ്പും വില്ലും അനുവദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം വന്നതിന് പിന്നാലെ സബർബൻ ബാന്ദ്രയിലെ തന്‍റെ വസതിയായ മാതോശ്രീക്ക് പുറത്ത് അണികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ നിരാശനല്ല, നിങ്ങളുടെ പിന്തുണയാണ് എന്‍റെ ശക്തി. സർക്കാർ സംവിധാനത്തെ തങ്ങളുടെ അടിമകളാക്കി മാറ്റി ശിവസേനയെ ഒരിക്കലും അവസാനിപ്പിക്കാൻ കഴിയില്ലെന്ന് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മനസിലാക്കണം. ഇപ്പോൾ നിങ്ങൾക്ക് തരാൻ എന്‍റെ കൈയ്യിൽ ഒന്നുമില്ല. തെരഞ്ഞെടുപ്പിൽ കള്ളനെ പാഠം പഠിപ്പിക്കുന്നതുവരെ നിങ്ങൾ വിശ്രമിക്കരുത്. ഉടൻതന്നെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുക' - താക്കറെ പറഞ്ഞു.
'കള്ളൻ ഒരു തേനീച്ചക്കൂടിന് നേരെ കല്ലെറിഞ്ഞു. പക്ഷേ തേനീച്ചകളുടെ കുത്ത് കള്ളന് അനുഭവപ്പെട്ടിട്ടില്ല. മോഷ്‌ടിച്ച അമ്പും വില്ലും കൊണ്ടുപോകാൻ ഷിൻഡെയ്ക്ക് കഴിയില്ല. ശിവധനുഷിനെ ഉയർത്താൻ കഴിയാത്ത രാവണനെപ്പോലെ ഷിൻഡെ തകരും. സാധാരണ ഇത്തരം തർക്കങ്ങളിൽ ഒരു വിഭാഗത്തിന് മാത്രം ചിഹ്നവും പാർട്ടിയുടെ പേരും തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകാറില്ല. അത്തരം സാഹചര്യങ്ങളിൽ ചിഹ്നം മരവിപ്പിക്കുകയാണ് പതിവ്.
എന്നാൽ പ്രധാനമന്ത്രിയുടെ അടിമകൾ ഇപ്പോൾ അതും ചെയ്‌തിരിക്കുന്നു. നിലവിലെ തെരഞ്ഞെടുപ്പ് കമ്മിഷണർ വിരമിച്ചതിന് ശേഷം മിക്കവാറും ഏതെങ്കിലും സംസ്ഥാനത്തിന്‍റെ ഗവർണറായി മാറാനാണ് സാധ്യത. ശിവസേന ആരുടേതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അല്ല ജനങ്ങളാണ് തീരുമാനിക്കേണ്ടത്'- ഉദ്ധവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം പേര് ഉയർത്തി മഹാരാഷ്‌ട്രയിൽ വരാൻ സാധിക്കില്ല. അതിന് മോദിക്ക് ബാലാസാഹേബ് താക്കറെയുടെ മുഖംമൂടി ധരിക്കേണ്ടതുണ്ട്. ചിഹ്നം കട്ട കള്ളന് താക്കറെയുടെ പേരും ബാലാസാഹേബിന്‍റെ ഫോട്ടോയും വേണം. പക്ഷേ അയാൾ ശിവസേന കുടുംബമല്ല. മുഖം മൂടി ധരിക്കുന്നവരും യഥാർഥ ആളുകളും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ മനസിലാക്കുമെന്നും ഷിൻഡെയെ പരാമർശിച്ചുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു.
കനത്ത തിരിച്ചടി : 1966-ൽ പിതാവ് ബാൽ താക്കറെ സ്ഥാപിച്ച ശിവസേനയുടെ നിയന്ത്രണം നഷ്‌ടമായത് ഉദ്ധവിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി ശിവസേനയുടെ കോട്ടയായ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. കൂടാതെ 2024 ഒക്ടോബറിൽ മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. ഉദ്ധവിനെ സംബന്ധിച്ച് ഇവ രണ്ടും ഏറെ നിർണായകമാണ്.
ALSO READ:'മോദി'യെന്നത് ഏശാത്തതിനാല്‍ ബാലാസാഹേബിന്‍റെ മുഖംമൂടി അണിയുന്നു' ; പേരിനും ചിഹ്നത്തിനുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് താക്കറെ
വെള്ളിയാഴ്‌ചയാണ് ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയത്. ശിവസേനയെന്ന പേരും ചിഹ്നമായ അമ്പും വില്ലും ഷിൻഡെ വിഭാഗത്തിന് അനുവദിച്ചുകൊണ്ടായിരുന്നു ഉത്തരവ്. കൂടാതെ സംസ്ഥാനത്തെ നിയമസഭ ഉപതെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ നേരത്തെ അനുവദിച്ച ദീപശിഖ ചിഹ്നം നിലനിർത്താൻ ഉദ്ധവ് പക്ഷത്തിനും നിർദേശം നൽകി.
എന്നാൽ സുപ്രീം കോടതി പരിഗണിക്കുന്ന കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാനാകില്ല എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ വാദം. കൂടാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അവിടുന്ന് തങ്ങൾക്കനുകൂലമായ നിലപാട് ലഭ്യമാകുമെന്നും ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.