സംഭാജിനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നരേന്ദ്ര മോദിയുടെ ജനപ്രീതി ബിജെപിക്ക് പ്രയോജനപ്പെടുത്താൻ കഴിയുമെങ്കിലും, തന്‍റെ പിതാവും അന്തരിച്ച ശിവസേന സ്ഥാപകനുമായ ബാലാസാഹേബ് താക്കറെയുടെ വിശ്വസ്‌തരുടെ വോട്ട് താൻ നേടുമെന്ന് ഉദ്ധവ് പറഞ്ഞു. ഛത്രപതി സംഭാജി നഗറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്‍റെ പിതാവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഘട്ടത്തിലെ കാര്യങ്ങൾ പറഞ്ഞ് ഐഡന്‍റിറ്റി മോഷ്‌ടിക്കാനാണ് കാവി ബ്രിഗേഡ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ആയുസ്സുണ്ടാകില്ല. ധൈര്യമുണ്ടെങ്കിൽ നരേന്ദ്ര മോദി മഹാരാഷ്‌ട്രയിൽ വന്ന് മത്സരിക്കട്ടെ,' താക്കറെ വെല്ലുവിളിച്ചു. എന്‍റെ പിതാവിന്‍റെ പാരമ്പര്യം തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഉദ്ധവ് ആരോപിച്ചു.
രാഹുൽ ഗാന്ധിയെ പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കിയതിനെ കുറിച്ച് സംസാരിച്ച ഉദ്ധവ്, പ്രധാനമന്ത്രി മോദിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാലുടനെ ഒബിസി വിഭാഗത്തെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് ബിജെപി കരയുമെന്നും കൂട്ടിച്ചേർത്തു. തന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞിരുന്നു, എന്നാൽ പ്രതിപക്ഷത്തിന്‍റെ പ്രതിച്ഛായയെക്കുറിച്ച് ഇടക്കെങ്കിലും ചിന്തിക്കാൻ മോദിയെ ഉദ്ദവ് താക്കറെ ഉപദേശിക്കുകയും ചെയ്‌തു.
റെയ്‌ഡ് നടത്തി അറസ്‌റ്റ് ചെയ്‌ത പ്രതിപക്ഷ നേതാക്കളെ ബിജെപി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച ഉദ്ദവ് പ്രതിപക്ഷ പാർട്ടികളിലെ അഴിമതിക്കാരായ നേതാക്കളെ ബിജെപി തങ്ങളുടെ പാർട്ടിയിൽ ചേർത്തുവെന്ന് കുറ്റപ്പെടുത്തി. പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷമുള്ള തന്‍റെ കന്നി വാർത്ത സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി താൻ മാപ്പ് പറയാൻ ഞാൻ സവർക്കറല്ല എന്ന പരാമർശം നടത്തിയിരുന്നു. ഈ പരാമർശത്തിൽ ശിവസേന നേതാവ് നേരത്തെ പ്രകോപനം പ്രകടിപ്പിച്ചിരുന്നു.