ജയ്‌പൂര്‍ : ഉദയ്‌പൂർ കൊലപാതക കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത് സാഹസികമായി. പ്രതികൾ ബൈക്കില്‍ നഗരം വിടാൻ ശ്രമിക്കവെയാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഉദയ്‌പൂരിന്‍റെ പ്രാന്തപ്രദേശത്തുള്ള ഹൈവേയിൽവച്ചാണ് ഗൗസ് മുഹമ്മദ്, റിയാസ് എന്നിവരെ പൊലീസ് പിടികൂടിയത്.
പ്രതികൾ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതോടെ കൂടുതൽ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇരുവരെയും കീഴ്‌പ്പെടുത്തുകയായിരുന്നു. കനയ്യ ലാലിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇവര്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോയിൽ പ്രതികളുടെ മുഖം വ്യക്തമായതിനാൽ ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരുന്നു. ബിജെപി മുൻ ദേശീയവക്താവ് നൂപുർ ശർമയ്ക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട തയ്യൽ ജോലിക്കാരനായ കനയ്യ ലാലിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.
വസ്ത്രം തയ്പ്പിക്കാൻ എന്ന വ്യാജേനയാണ് കൊലപാതകികൾ കടയിലെത്തിയത്. തുടർന്ന് കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ദ്യശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു.
'ഞങ്ങളുടെ ദൈവത്തോട് അനാദരവ് കാണിച്ച പ്രതിയെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യം പൂർത്തിയാകുമ്പോൾ ഈ വീഡിയോ വൈറലാക്കും' എന്ന് പ്രതികളിലൊരാൾ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാമായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ടാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏകദേശം 10 ദിവസം മുന്‍പ് പ്രതികള്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.