ഉദയ്‌പൂർ (രാജസ്ഥാൻ): ഉദയ്‌പൂർ കൊലപാതകക്കേസിൽ അറസ്റ്റിലായ റിയാസ് അട്ടാരിയുടെ വീട്ടുടമസ്ഥൻ മുഹമ്മദ് ഉമറിനെ ചോദ്യം ചെയ്‌ത് പൊലീസും എൻഐഎയും. ജൂൺ 12 മുതൽ റിയാസ് തന്‍റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് ഉമർ പൊലീസിനോട് പറഞ്ഞു.
റിയാസിന്‍റെ ഭാര്യയാണ് വീട് അന്വേഷിച്ച് വന്നത്. മുറിയെ കുറിച്ചുള്ള കാര്യങ്ങൾ അന്വേഷിച്ചതെല്ലാം ഭാര്യയായിരുന്നു. മുറി ഒഴിഞ്ഞു കിടക്കുകയായിരുന്നത് കൊണ്ട് വാടകയ്ക്ക് കൊടുക്കാൻ സമ്മതിച്ചതായിരുന്നുവെന്ന് ഉമർ പറയുന്നു. റിയാസ് മിക്ക സമയവും വീടിന് പുറത്തായിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നുവെങ്കിൽ അവർക്ക് വീട് വാടകയ്ക്ക് നൽകില്ലായിരുന്നുവെന്നും ഉമർ പറയുന്നു.
സംഭവ ദിവസം രാവിലെ 10.30ന് താൻ ജോലിക്ക് പോകുമ്പോൾ സാധാരണ ദിവസത്തെ പോലെ റിയാസ് കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നു. എന്നാൽ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അവിടെ റിയാസും കുടുംബവും ഉണ്ടായിരുന്നില്ല. എന്നാൽ ആളുകൾ തന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയെന്നും ഉമർ പറയുന്നു. കുറച്ചു സമയങ്ങൾക്ക് ശേഷം പൊലീസ് എത്തി തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. റിയാസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഉമർ ഇടിവി ഭാരതിനോട് പറഞ്ഞു.
റിയാസ് വാടകയ്ക്ക് താമസിച്ചിരുന്ന ഉമറിന്‍റെ വീട്ടിൽ വച്ചാണോ കൊലപാതകത്തിനുള്ള ഗൂഢാലോചന നടത്തിയിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ വീട്ടുടമയിൽ നിന്നും അയൽവാസികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണ് പൊലീസ്.
Also Read: ഉദയ്‌പൂർ കൊലപാതകികളെ പൊലീസ് കീഴടക്കിയത് അതിസാഹസികമായി ; വീഡിയോ പുറത്ത്