ജയ്‌പൂർ:'തടാകങ്ങളുടെ നഗരം' എന്നാണ് രാജസ്ഥാനിലെ ഉദയ്‌പൂർ നഗരം അറിയപ്പെടുന്നത്. ഏഷ്യയിലെ രണ്ടാമത്തെ വലിയ കൃത്രിമ ശുദ്ധജല തടാകം ഇവിടെയാണ്. 'ദേബര്‍ തടാകം' അല്ലെങ്കില്‍ 'ജയ്‌സാമന്ദ് തടാകം' എന്നറിയപ്പെടുന്ന ഈ തടാകം ചരിത്രപ്രസിദ്ധമാണ്. ഉദയ്‌പൂർ ജില്ല തലസ്ഥാനത്ത് നിന്നും 48 കിലോമീറ്റര്‍ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. 1685ല്‍ മഹാറാണ ജയ്‌സിംഗാണ് ഗോമതി നദിയില്‍ അണക്കെട്ട് പണിയുന്നതിനിടയിൽ ഈ തടാകം നിർമിച്ചത്.
ചരിത്രപ്രസിദ്ധമാണ്, ഉദയ്‌പൂർ നഗരവും ജയ്‌സാമന്ദ് തടാകവും
ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ രണ്ടാമത്തെയും വലിയ കൃത്രിമ ശുദ്ധജല തടാകമാണ് ഉദയ്‌പൂരിലെ 'ജയ്‌സാമന്ദ് തടാകം'. 1685ല്‍ മഹാറാണ ജയ്‌സിംഗാണ് ഗോമതി നദിയില്‍ അണക്കെട്ട് പണിയുന്നതിനിടയിൽ ഈ തടാകം നിർമിച്ചത്.
ഈ തടാകത്തില്‍ ഏഴ് ദ്വീപുകളുണ്ട്. അതില്‍ ഒരു ദ്വീപിന് 36 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയും, 14 കിലോമീറ്റര്‍ നീളവും, ഒമ്പത് കിലോമീറ്റര്‍ വീതിയുമുണ്ട്. പരമാവധി 102 അടി ആഴമുള്ള ഈ തടാകത്തിന്‍റെ വിസ്‌തൃതി 30 മൈലാണ്. തടാകം പോലെ തന്നെ അണക്കെട്ടും വലിയ ആകർഷകമുള്ളതാണ്. അണക്കെട്ടിന് മുകളില്‍ ഒരുക്കിയിട്ടുള്ള പന്തല്‍ നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒട്ടേറെ സിനിമകള്‍ ഈ തടാകത്തിനരികില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഉദയ്‌പൂർ രാജ്ഞിമാരുടെ വേനല്‍ക്കാല കൊട്ടാരം ജയ്‌സാമന്ദ് തടാകത്തിന്‍റെ സൗന്ദര്യം വർധിപ്പിക്കുന്നു.
തടാകത്തിന്‍റെ വടക്കേ കരയിലാണ് അതിമനോഹരമായ ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. തടാകത്തിന്‍റെ തെക്കെ കരയില്‍ 12 തൂണുകളുള്ള ഒരു കൂടാരമുണ്ട്. ഇവിടെ പണികഴിപ്പിച്ചിട്ടുള്ള ഹവാ മഹലും രുദി റാണിയുടെ കൊട്ടാരവും വളരെ പ്രസിദ്ധമാണ്. മാത്രമല്ല വിവിധ തരത്തിലുള്ള പക്ഷികൾ, ചീറ്റപ്പുലികൾ, പുള്ളിപ്പുലികൾ, കരടി, കാട്ടുപോത്ത്, മുതല എന്നിവയുള്ള ഒരു വന്യജീവി സങ്കേതവും ജയ്‌സാമന്ദ് തടാകത്തിനരികെ സ്ഥിതിചെയ്യുന്നു. മനുഷ്യനിർമിതമായ ജയ്‌സാമന്ദ് തടാകം കാണുന്നതിനായി വര്‍ഷം തോറും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.