ന്യൂഡൽഹി:ടാക്‌സി ബുക്ക് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനായി വാട്ട്സ് ആപ്പുമായി ഒത്തുചേർന്ന് പുതിയ പദ്ധതിയുമായി യൂബർ. ലോകത്ത് ആദ്യമായി ഇന്ത്യയിലാണ് ഈ സേവനം അവതരിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. പിന്നാലെ മറ്റ് സ്ഥലങ്ങളിലും നടപ്പിലാക്കും.
പദ്ധതിപ്രകാരം ഉപയോക്‌താക്കൾക്ക് യൂബർ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെതന്നെ വാട്ട്സ്ആപ്പ് ചാറ്റ് വഴി ക്യാബുകൾ ബുക്ക് ചെയ്യാൻ സാധിക്കും. യൂബറിന്‍റെ ഒഫിഷ്യൽ വാട്ട്സ്ആപ്പ് ചാറ്റ് ബോട്ടിലൂടെയാണ് ബുക്ക് ചെയ്യാൻ സാധിക്കുക.
ഇന്ത്യക്കാർക്ക് യൂബർ ട്രിപ്പുകൾ കൂടുതർ എളുപ്പത്തിൽ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് യൂബർ ഇന്ത്യ സീനിയർ ഡയറക്‌ടർ നന്ദിനി മഹേശ്വരി പറഞ്ഞു. വാട്ട്സ്ആപ്പുമായുള്ള ഒത്തുചേരലിലൂടെ ലളിതവും വിശ്വസനീയവുമായ രീതിയിൽ റൈഡുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നു, നന്ദിനി മഹേശ്വരി കൂട്ടിച്ചേർത്തു.
സാധാരണക്കാർക്ക് കൂടുതൽ പരിചിതവും, സുഗമവുമായ പ്ലാറ്റ്‌ഫോമായതിനാലാണ് യൂബർ തങ്ങളോടൊത്ത് സഹകരിക്കാൻ തയ്യാറായതെന്ന് വാട്ട്സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത്ത് ബോസ് പറഞ്ഞു. നിലവിൽ ഇംഗ്ലീഷിൽ മാത്രമാണ് ബുക്കിങ് സേവനമുള്ളത്. എന്നാൽ ഉടനെ തന്നെ മറ്റ് പ്രദേശിക ഭാഷകളും ഉൾപ്പെടുത്തും.
ALSO READ:വിളിക്കും പൊള്ളുന്ന വില ; ജിയോ,വോഡഫോണ്‍ ഐഡിയ,എയര്‍ടെല്‍ എന്നിവക്കെതിരെ ബഹിഷ്‌കരണാഹ്വാനം
വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് യൂബറിന്‍റെ ബിസിനസ് ആക്കൗണ്ട് നമ്പരിലേക്ക് മെസേജ് അയച്ചോ, ക്യൂ ആർ കോഡ് സ്കാൻ ചെയ്‌തോ, യൂബർ- വാട്ട്സ്ആപ്പ് ചാറ്റിലെ ഡയറക്‌ട് ലിങ്കിലൂടെയോ ബുക്ക് ചെയ്യാൻ സാധിക്കും. ചാറ്റ് ബോട്ട് വഴി പിക്കപ്പ് ലൊക്കേഷനും, ഡ്രോപ്പ് ലൊക്കേഷനും നൽകണം.
പിന്നാലെ റൈഡിന്‍റെ തുക, ഡ്രൈവർ എത്തുന്ന സമയം, ഡ്രൈവറുടെ പേരുവിവരങ്ങൾ, വണ്ടിയുടെ നമ്പർ എന്നിവ മെസേജിലൂടെ ലഭിക്കും. ഡ്രൈവറുടെ റൈഡ് ട്രാക്ക് ചെയ്യാനും ഡ്രൈവറിനേട് മെസേജ് ചെയ്യാനും ഇതിലൂടെ സാധിക്കും. യൂബർ ആപ്ലിക്കേഷനിൽ ലഭിക്കുന്ന എല്ലാ ഇൻഷുറൻസ് പരിരക്ഷയും വാട്ട്സ്ആപ്പ് ബുക്കിങ്ങിലൂടെയും ലഭിക്കും.