സൂറത്ത് (ഗുജറാത്ത്) :തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി മരിച്ചു. ഫെബ്രുവരി 19ന് സൂറത്തിലെ ഖജോഡ് ഏരിയയില്‍ വഴിയോരത്ത് കളിക്കുകയായിരുന്ന രണ്ട് വയസുകാരിയെ മൂന്ന് തെരുവുനായകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
കടിയേറ്റത് റോഡരികില്‍ കളിക്കവെ :കുട്ടിയുടെ പിതാവ് രവി ഭായിയും മാതാവും സംഭവം നടന്ന ദിവസം കാലത്ത് ജോലിക്കായി പോയിരുന്നു. ഈ സമയത്ത് കുട്ടി വീടിന് സമീപം റോഡരികില്‍ കളിക്കുകയായിരുന്നു. ഏതാണ്ട് ഒമ്പത് മണിയോടെ ഇവരുടെ മൊബൈല്‍ഫോണിലേക്ക് കുട്ടിയെ തെരുവുനായ ആക്രമിച്ചതായി അറിയിച്ചുള്ള വിവരമെത്തി. ഇതോടെ വീട്ടിലേക്ക് പാഞ്ഞെത്തിയ ഇരുവരും ചേര്‍ന്ന് കുട്ടിയെ വേഗം തന്നെ ആംബുലന്‍സില്‍ അടുത്തുള്ള ന്യൂ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ശരീരത്തില്‍ കടിയേറ്റ 30 പാടുകള്‍: കുട്ടിയുടെ തലയിലും, കൈകാലുകളിലും, നെഞ്ചിലും, വയറിന് താഴെയുമായി നായ കടിച്ചതിന്‍റെ 30 പാടുകളുള്ളതായി മെഡിക്കല്‍ ഓഫിസര്‍ കേതന്‍ നായക് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്‌ടർമാർ രണ്ട് മൂന്ന് മണിക്കൂർ ദൈര്‍ഘ്യമുള്ള ഓപ്പറേഷൻ നടത്തുകയും ഹെമറ്റോളജി ഉൾപ്പടെ എല്ലാ നൂതന ചികിത്സകളും നൽകുകയും ചെയ്തു. ശസ്‌ത്രക്രിയയ്ക്ക് ശേഷവും ഡോക്‌ടർമാർ ആവശ്യമായ ചികിത്സകൾ കൃത്യമായി നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡോ. കേതന്‍ നായക് പറഞ്ഞു. ദിവസേന 40 മുതല്‍ 50 വരെ, നായ ആക്രമിച്ച കേസുകള്‍ ആശുപത്രിയിലെത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീതി അകലുന്നില്ല :അതേസമയം കഴിഞ്ഞയാഴ്‌ചയും സൂറത്തില്‍ സമാനമായ സംഭവം നടന്നിരുന്നു. പൽസാന താലൂക്കിലെ കരേലി ഗ്രാമത്തില്‍ ഒരു മില്ലിന്‍റെ തുറസായ കോമ്പൗണ്ടില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസുകാരിയാണ് നായയുടെ ആക്രമണത്തില്‍ മരിച്ചത്. മാരകമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഫെബ്രുവരി 19 ന് തന്നെയാണ് തെലങ്കാന ചൗരസ്‌തയിലെ അംബര്‍പേട്ടില്‍ തെരുവ് നായകളുടെ ആക്രമണത്തിൽ നാല് വയസുകാരന്‍ മരിക്കുന്നതും. പിതാവ് ജോലി ചെയ്യുന്ന ചൗരസ്‌തയിലെ സ്ഥാപനത്തിന് മുന്‍പില്‍ കളിക്കുമ്പോഴാണ് തെരുവ് നായകള്‍ കൂട്ടമായെത്തി കുട്ടിയെ പിന്തുടര്‍ന്ന് ആക്രമിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.