ന്യൂഡൽഹി : അജ്ഞാതരുടെ വെടിയേറ്റ് സഹോദരിമാർ കൊല്ലപ്പെട്ടു. ആർ കെ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അംബേദ്‌കർ ബസ്‌തി മേഖലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്.
ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർകെ പുരം പോലീസ് സ്റ്റേഷനിൽ പുലർച്ചെ 4:40 നാണ് ഒരാൾ വിളിച്ച് വെടിവയ്‌പ്പിനെ കുറിച്ച് അറിയിച്ചതെന്ന് സൗത്ത് വെസ്റ്റ് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മനോജ് സി പറഞ്ഞു. വിളിച്ചയാളുടെ സഹോദരിമാര്‍ക്കാണ് വെടിയേറ്റതെന്നും പൊലീസ് വ്യക്തമാക്കി. തുടർന്ന് പൊലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തുകയും ഇവരെ എസ്ജെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.
വെടിയേറ്റവരുടെ സഹോദരനെ തെരഞ്ഞാണ് അക്രമികൾ എത്തിയതെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അക്രമികൾക്കായി തെരച്ചിൽ തുടരുകയാണ്.
ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സൗത്ത് - വെസ്റ്റ് ഡൽഹി ഡിസിപി അറിയിച്ചു.
ഡൽഹിയെ ഞെട്ടിച്ച അരുംകൊലകൾ :കഴിഞ്ഞ മാസമാണ് ഡൽഹിയെ ഞെട്ടിച്ച അരുംകൊല നടന്നത്. പതിനാറുകാരിയെ പ്രതിയായ സാഹിൽ ക്രൂരമായി പൊതുസ്ഥലത്ത് വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷഹ്‌ബാദ് ഡയറി പ്രദേശത്ത് മെയ് 28നായിരുന്നു സംഭവം.
20 തവണയാണ് പ്രതി പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തിന്‍റെ മകന്‍റെ പിറന്നാള്‍ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെൺകുട്ടി.
സുഹൃത്തിന്‍റെ വീടിനുപുറത്ത് നിന്നിരുന്ന പെണ്‍കുട്ടിയെ അടുത്തെത്തിയ യുവാവ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കല്ലുകൊണ്ട് പെൺകുട്ടിയുടെ തലയിൽ മർദിക്കുകയും ചെയ്‌തു. തുടർന്ന് സംഭവസ്ഥലത്ത് നിന്നും പ്രതി രക്ഷപ്പെട്ടു.
പൊലീസ് എത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി.
More read :ഡല്‍ഹിയില്‍ 16കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്‌റ്റില്‍
പ്രണയാഭ്യർഥന നിരസിച്ച യുവതിയെ ആക്രമിച്ചു : ന്യൂഡൽഹിയിൽ തന്നെയാണ് പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടിയെ ആക്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. ജെജെ കോളനിയിലെ താമസക്കാരനായ അമിത് കിരണ്ടി എന്ന 20 കാരനാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ന്യൂഡൽഹിയിലെ രോഹിണി ജില്ലയിലെ ബേഗംപൂരിൽ ജൂൺ 2നായിരുന്നു സംഭവം.
More read :പ്രണയാഭ്യർഥന നിരസിച്ചു; പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു
പെണ്‍കുട്ടിയുടെ ഓഫിസിൽ എത്തിയായിരുന്നു യുവാവിന്‍റെ അക്രമം. സംഭവത്തിൽ പരിക്കേറ്റ പെണ്‍കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സിബിഷനുകളിൽ സ്റ്റാളുകൾ ഡിസൈൻ ചെയ്യുന്നതിനുള്ള കരാർ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനത്തിലാണ് പെൺകുട്ടി ജോലി ചെയ്‌തിരുന്നത്. പ്രതിയുടെ മൂത്ത സഹോദരിയും ഇതേ ഓഫിസിലെ ജീവനക്കാരിയാണ്. പ്രതി അമിത് സഹോദരിയെ സഹായിക്കാനായി ഇടയ്‌ക്കിടെ ഓഫിസിൽ എത്തിയിരുന്നു.
ഇതുവഴിയാണ് ഇയാൾ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. ഇതിനിടെ പലതവണ ഇയാൾ പെണ്‍കുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും യുവതി അതെല്ലാം നിരസിക്കുകയായിരുന്നു. തുടർന്ന് ഇയാൾ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി യുവതിയെ ആക്രമിച്ചത്.