ഡെറാഡൂൺ:ഹരിദ്വാറിലെ കുംഭമേളയ്ക്കിടെ നടന്ന വ്യാജ കൊവിഡ് പരിശോധനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അഴിമതി സംബന്ധിച്ച അന്വേഷണത്തിനായി ഹരിദ്വാർ ജില്ല മജിസ്ട്രേറ്റ് രൂപീകരിച്ച അന്വേഷണ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ ഉത്തരവിൽ മേളയുടെ മെഡിക്കൽ ഉദ്യോഗസ്ഥൻ ഡോ. അർജുൻ സിങ് സെംഗാർ, ഓഫിസർ-ഇൻ-ചാർജ് ഡോ. എൻ.കെ ത്യാഗി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഴിമതിയും അശ്രദ്ധയും ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ധാമി അറിയിച്ചു.
ഹരിദ്വാറിലെ ചീഫ് ഡെവലപ്മെന്‍റ് ഓഫിസറുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ഓഗസ്റ്റ് 16നാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത്. കുംഭമേളയ്ക്കിടെ വ്യാജ റാപ്പിഡ് ആന്‍റിജൻ ടെസ്റ്റുകൾ നടത്തിയ കമ്പനികളുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അശ്രദ്ധയ്ക്കും സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം വരുത്തിവച്ചതിനും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് സമിതി റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
Also Read: കൊവിഡ് പ്രതിരോധം: വിവാദങ്ങൾ ആശയക്കുഴപ്പമുണ്ടാക്കാൻ, വിശദീകരണവുമായി മുഖ്യമന്ത്രി
അതേസമയം, വ്യാജ പരിശോധന നടത്തിയ കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ട് സെന്തിൽ ആവോടൈ കൃഷ്ണ രാജ്.എസ് ആവശ്യപ്പെട്ടു.