കേരളം

kerala

ETV Bharat / bharat

കെട്ടിയെഴുന്നള്ളിച്ചത് സാധാരണക്കാരനുമേല്‍ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' നടത്തി, ഒടുക്കം 'പിന്‍വാങ്ങല്‍' ; 2,000ത്തിന് സംഭവിച്ചത് ? - two thousand rupees notes withdraw by rbi

2,000 നോട്ടുകള്‍ പുറത്തിറങ്ങി, ഏഴുവര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ആര്‍ബിഐയുടെ തിരിച്ചെടുക്കല്‍. നോട്ടുകള്‍ പിന്‍വലിക്കുന്നത് ഉയര്‍ത്തുന്ന ഓര്‍മപ്പെടുത്തലുകളും ആശങ്കകളും നോക്കാം...

two thousand rupees withdrawal  India to withdraw 2000 rupee notes  rbi to withdraw 2000 rupee notes  ആര്‍ബിഐ നീക്കം
2000 നോട്ട് പിന്‍വലിക്കല്‍

By

Published : May 19, 2023, 10:29 PM IST

2016 നവംബര്‍ എട്ടിന്‍റെ പ്രത്യേകതയെന്തെന്ന് ചോദിച്ചാല്‍ രാജ്യത്തെ സാധാരണ പൗരര്‍ക്ക് ഒരൊറ്റ ഉത്തരം മാത്രമായിരിക്കും ഉണ്ടാവുക. തങ്ങളെ ദുരിതക്കയത്തിലാഴ്‌ത്തിയ നോട്ടുനിരോധനം എന്നതല്ലാതെ മറ്റെന്ത്. വെള്ളവും ഭക്ഷണം കഴിക്കാതെ മണിക്കൂറുകളോളം ചുട്ടുപൊള്ളുന്ന വെയിലത്ത് നോട്ടുമാറാന്‍ ബാങ്കിന് മുന്‍പില്‍ ക്യൂ നിന്ന് 'അതിജീവിച്ചവര്‍', അവശരായി മരിച്ചുവീണവര്‍. ആയുഷ്‌ക്കാലം മുഴുവന്‍ സ്വരുക്കൂട്ടിവച്ച പണത്തിന് പേപ്പറിന്‍റെ വിലപോലുമില്ലാതെയായതില്‍ നെടുവീര്‍പ്പിട്ടവര്‍, സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ന്ന് ദുരിതപര്‍വം താണ്ടാനാവാതെ ആത്മാഹുതി ചെയ്‌തവര്‍. ഈ രാജ്യത്തിന്‍റെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിയ 'അച്ഛാദിന്‍' അല്ല, കണ്ണീരോര്‍മയാണ് ഈ ദിനം.

ALSO READ |2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് ആര്‍ബിഐ ; വിതരണം നിര്‍ത്താന്‍ നിര്‍ദേശം

2016ന് ശേഷം വീണ്ടുമൊരു നോട്ട് പിന്‍വലിക്കലാണ് ഇന്നുണ്ടായത്. അന്ന് 500, 1000 രൂപ നോട്ടുകളാണ് പിന്‍വലിച്ചതെങ്കില്‍ ഇന്നത് 2,000 രൂപ നോട്ടുകള്‍ തിരിച്ചെടുക്കുകയാണുണ്ടായത്. വന്‍ അവകാശവാദങ്ങളോടെയാണ് 2016ലെ ഒരു അര്‍ധരാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുകള്‍ പിന്‍വലിച്ചത്. കള്ളപ്പണം ഇല്ലാതാക്കും, തീവ്രവാദ ശക്തികള്‍ക്കുള്ള ഫണ്ടിങ്ങിന്‍റെ ഒഴുക്ക് തടസപ്പെടുത്തും അങ്ങനെ ഒരുപാട്‌, അടിമുടി പൊള്ളയായ വാഗ്‌ദാനങ്ങള്‍. പുറമെ, പുതിയ നോട്ടുകളില്‍ ജിപിഎസ് മൈക്രോ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും ഇത് പണം ഉപയോഗിച്ചുള്ള എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും വേരറക്കുമെന്നുള്ള സംഘപരിവാര്‍ കേന്ദ്രങ്ങളുടെ കല്ലുവച്ച നുണ.

ആര്‍ബിഐയുടെ പ്രഖ്യാപനത്തിന് പിന്നില്‍ ? :മോദി സര്‍ക്കാരും സംഘപരിവാര്‍ കേന്ദ്രങ്ങളും ഉയര്‍ത്തിയഅവകാശവാദങ്ങളും പെരുംനുണകളും ഒരു തരത്തിലും സഹായിച്ചില്ലെന്ന് മാത്രമല്ല രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെ വലിയ ആഘാതത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്. ഇതില്‍ നിന്ന് പതുക്കെ കരകയറുമ്പോഴാണ് വീണ്ടുമൊരു പൊടുന്നനെയുള്ള പ്രഖ്യാപനം. ഒറ്റ രാത്രികൊണ്ട് നോട്ടിന്‍റെ മൂല്യം നഷ്‌ടപ്പെടുന്ന പ്രഖ്യാപനമായിരുന്നു 2016ലേത്. എന്നാല്‍, ഇപ്പോഴത്തെ തിരിച്ചെടുക്കലില്‍ ഈ വര്‍ഷം സെപ്‌റ്റംബര്‍ 30വരെ നോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ലെന്ന മാറ്റം ആശ്വാസം. പുറമെ, നോട്ടുകള്‍ മാറാന്‍ ആര്‍ബിഐ നേരിട്ട് 19 ബ്രാഞ്ചുകളില്‍ സൗകര്യമൊരുക്കുകയും ചെയ്യും. 2,000ത്തിന്‍റെ തിരിച്ചെടുക്കല്‍ തീരുമാനം 2016ലേതുപോലെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടല്ല പ്രഖ്യാപിച്ചത്. ആര്‍ബിഐ തന്നെ മുന്‍കൈയെടുത്ത് പ്രഖ്യാപിച്ചതിന് പിന്നിലെ പ്രേരണയ്‌ക്ക് കാരണം മുന്‍കാലത്തുണ്ടായ 'ആനമണ്ടത്തരം' അല്ലാതെ മറ്റൊന്നാവാന്‍ ലവലേശം വഴിയില്ല.

500, 1,000 നോട്ടുനിരോധനത്തിലൂടെ 15 ലക്ഷം കോടി രൂപയുടെ അടുത്ത് രാജ്യത്തിന്‍റെ വരുമാനത്തിന് നഷ്‌ടമുണ്ടാക്കിയെന്നാണ് സാമ്പത്തിക വിദ്‌ഗ്ധരുടെ വിലയിരുത്തല്‍. അന്ന് കേരള ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് തെളിവുകള്‍ അക്കമിട്ട് നിരത്തിയാണ് ഇതേക്കുറിച്ച് വാദിച്ചത്. പുറമെ, ഓരോ വർഷവും 10 ലക്ഷം കോടി രൂപ വീതം ഉത്‌പാദന നഷ്‌ടം വരുത്തിയെന്നും വിലയിരുത്തലുകള്‍ വന്നു. ഇങ്ങനെ ബിജെപി - സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുപോലും നോട്ടുനിരോധനത്തിനെതിരെ വിമര്‍ശനമുണ്ടായി. ഇതെല്ലാംകൊണ്ടാണ് നോട്ടുനിരോധനത്തിന്‍റെ വാര്‍ഷികം ആഘോഷിക്കാനോ അത് മോദി സര്‍ക്കാരിന്‍റെ ഭരണനേട്ടാമായോ കേന്ദ്രം തന്നെ ഒരിക്കല്‍ പോലും കൊട്ടിഘോഷിക്കാതിരുന്നത്.

'വെളിപ്പിക്കലുകള്‍'ക്കിടെ വീണ്ടും ദരിദ്രരാവുന്നവര്‍:മുന്‍പുണ്ടായ നോട്ടുനിരോധനം വന്‍തോതില്‍ ബാധിച്ചത് സാധാരണക്കാരെ ആണെന്നതില്‍ മറ്റൊരു ചിന്തയ്‌ക്ക് ഇടമില്ലെന്നതാണ് വസ്‌തുത. 2,000 പിന്‍വലിക്കലും ഇനി ബാധിക്കാന്‍ പോവുന്നത് സാധാരണക്കാരെയല്ലാതെ മറ്റാരെയുമല്ലതാനും. കാലങ്ങള്‍കൊണ്ട് സ്വരുക്കൂട്ടിയ തുക ഉപജീവനമാര്‍ഗത്തിനും മറ്റുമായി വിനിയോഗിക്കുന്നതില്‍ നേരിടുന്ന വെല്ലുവിളി തന്നെ ഇതിനുകാരണം. കോര്‍പറേറ്റുകളും വന്‍ വ്യവസായികളും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് പണം 'വെളുപ്പിച്ചെടുക്കും' എന്നത് മുന്‍കാലങ്ങളുടെ അനുഭവത്തില്‍ വ്യക്തമാണ്. അതുപോലെ സാധാരണക്കാര്‍ക്ക് കഴിയില്ല. 2016ല്‍ കോടിക്കണക്കിന് രൂപ സംഭാവനയായി ബിജെപിക്ക് നല്‍കി, 'കോടീശ്വരന്മാര്‍' പണം 'പരിശുദ്ധമാക്കി' എന്ന് വലിയ ആരോപണം ഉയര്‍ന്നത് ആരും മറന്നുകാണില്ല. ഇത് തന്നെയാണ് ഇപ്പോഴുള്ള നിരീക്ഷണങ്ങളിലേക്കും വിദഗ്‌ധരെ നയിക്കുന്നത്.

തെരഞ്ഞെടുപ്പുകളെ 'അട്ടിമറിക്കാനോ' ? : 2016ലെ നോട്ടുനിരോധനത്തിന് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളെ സാമ്പത്തികമായി അസ്ഥിരപ്പെടുത്താനുള്ള തന്ത്രമുണ്ടായിരുന്നെന്ന് പില്‍ക്കാലത്ത് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് പാര്‍ട്ടികളിലെ പണത്തിന്‍റെ സ്വാധീനം ഇല്ലാതാക്കി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ പ്രകടനം മോശമാക്കി അവരുടെ ശോഭകെടുത്താന്‍ ആയിരുന്നു നീക്കമെന്നും വിലയിരുത്തപ്പെട്ടു. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഈ തെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷത്തിന്‍റെ പ്രകടനം മോശമാക്കി അവരുടെ തേരോട്ടം ദുര്‍ബലപ്പെടുത്താനാണോ ഇപ്പോഴത്തെ നീക്കമെന്നുമുള്ള ചോദ്യം ശക്തമാണ്.

നീക്കം ബാങ്കുകളില്‍ പണം എത്തിക്കാനോ ? :ഫിക്‌സഡ് ഡെപ്പോസിറ്റിന് കൂടുതല്‍ പലിശ നല്‍കാന്‍ ആര്‍ബിഐ രാജ്യത്തെ ബാങ്കുകള്‍ക്ക് അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ബാങ്കുകള്‍ കൂടുതല്‍ പലിശ നല്‍കിയാല്‍ കൂടുതല്‍ പേര്‍ പണം നിക്ഷേപിക്കാന്‍ തയ്യാറാവും. അങ്ങനെ ബാങ്കുകളില്‍ കൂടുതല്‍ പണം എത്തും. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും കൈവശമുള്ള പണം സമാനമായി ബാങ്കുകളിലേക്ക് ഒഴുകിയെത്തും എന്നതുകൂടി ഈ നീക്കത്തിന് പിന്നിലുണ്ടോ എന്നുള്ള വിശകലനങ്ങളും സജീവമാകുന്നുണ്ട്.

ആര്‍ബിഐയുടെ വിശദീകരണം:2018 - 2019ന് ശേഷം 2,000 നോട്ടുകൾ അച്ചടിച്ചിട്ടില്ലെന്നത് വസ്‌തുതയാണ്. അതായത് ഇപ്പോഴുള്ള 2,000 നോട്ടുകളിൽ കൂടുതലും 2017 മാർച്ചിന് മുന്‍പ് പുറത്തിറക്കിയതാണ്. ഏതാണ്ട് അഞ്ച് വർഷമാണ് ആര്‍ബിഐ, നോട്ടിന് നിശ്ചയിച്ച 'ആയുസ്'. ഇപ്പോള്‍ പിന്‍വലിച്ച നോട്ട് ഇറങ്ങിയിട്ട് ഏഴ്‌ വര്‍ഷമായി. സമയം അതിക്രമിച്ചതാണ് പിന്‍വലിക്കലിന് കാരണമെന്നാണ് ആര്‍ബിഐ നല്‍കുന്ന ന്യായീകരണം. 2,000 രൂപയുടെ നോട്ടുകള്‍ പൊതുവെ വിപണിയിൽ ഉപയോഗിക്കുന്നില്ലെന്നും പൊതുജനങ്ങളുടെ കറൻസി ആവശ്യകത നിറവേറ്റാൻ പര്യാപ്‌തമല്ലെന്നും വാദം ഉയരുന്നു. ഇങ്ങനെ ഔദ്യോഗികമായി വിശദീകരണം പലതുണ്ടെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ ഉയരുന്നത് വലിയ ആശങ്കയാണെന്നതില്‍ തര്‍ക്കമില്ല.

ABOUT THE AUTHOR

...view details