ശ്രീനഗർ :ജമ്മു കശ്‌മീരിലെ രജൗറി ജില്ലയിലെ സുന്ദർബനി വന പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികന്‍ കൊല്ലപ്പെട്ടു. കോഴിക്കോട് സ്വദേശി എം. ശ്രീജിത്താണ് കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലിൽ സൈന്യം രണ്ട് പാകിസ്ഥാൻ ഭീകരരെ വകവരുത്തിയിട്ടുണ്ട്. ജസ്വന്ത് റെഡ്ഡി എന്ന സൈനികന് പരിക്കുണ്ട്. സംഭവ സ്ഥലത്ത് നിന്നും വൻതോതിൽ സ്ഫോടകവസ്‌തുക്കളും രണ്ട് എകെ-47 തോക്കുകളും കണ്ടെടുത്തു. സ്ഥലത്ത് സുരക്ഷ സേനയുടെ തെരച്ചിൽ തുടരുകയാണ്.
Also Read:ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചിട്ടു; പ്രതികള്‍ പിടിയില്‍
രാജ്യത്തേക്ക് ദാദൽ, സുന്ദർബനി എന്നീ പ്രദേശങ്ങളിലൂടെ തീവ്രവാദികൾ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഭീകരരെ സൈന്യം വധിച്ചത്. വരും ദിവസങ്ങളിലും പരിശോധന ഊർജിതമായി തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സൈനികരെ കണ്ട തീവ്രവാദികൾ വെടിയുതിർക്കുകയും ഗ്രനേഡുകൾ പ്രയോഗിക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെതിരെയാണ് സൈന്യത്തിന് വെടിവയ്‌ക്കേണ്ടി വന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ 30നും രജൗരിയിലെ ദാദലിൽ വച്ച് സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. അന്നും ഒരു സൈനികന് പരിക്കേറ്റിരുന്നു.