ദിസ്പൂർ: അസമിലെ കൊക്രജാര്‍ ജില്ലയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ തൂങ്ങി മരിച്ച സംഭവത്തില്‍ സമഗ്രാന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ഞായറാഴ്ച സന്ദർശിച്ചു.
അഞ്ച് പേർ നിലവിൽ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്, ഇവരെ ചോദ്യം ചെയ്ത് വരികയാണ്. രണ്ട് പേർ അവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് എല്ലാ സന്ദേശങ്ങളും ഫോട്ടോകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവർ പെൺകുട്ടികളുമായി സംസാരിച്ചതിന് തെളിവുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആത്മഹത്യയോ അതോ കൊലപാതകമോ?
'ആത്മഹത്യയ്ക്കും കൊലപാതകത്തിനും ഒരു പോലെ സാധ്യതയുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. കൊലപാതകമാണെങ്കിൽ, പൊലീസ് തീർച്ചയായും കുറ്റവാളികളെ പിടികൂടി ശിക്ഷിക്കും. ആത്മഹത്യയാണെങ്കിൽ, ഇത്തരം ഭയാനകമായ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്' - മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തെ നിസാരമായല്ല കാണുന്നതെന്നും എല്ലാ ഗൗരവത്തോടെയും കേസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഹിമാന്ത ബിശ്വ ശര്‍മ കൂട്ടിച്ചേർത്തു. ബോഡോലാൻഡ് ടെറിട്ടോറിയൽ ഏരിയ ഇൻസ്പെക്ടർ ജനറലുമായും കൊക്രജാർ പൊലീസ് സൂപ്രണ്ടുമായും മുഖ്യമന്ത്രി ചർച്ച നടത്തി.
Also Read : ഒറ്റവോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ നെതന്യാഹു യുഗത്തിന് അന്ത്യം ; ഇസ്രയേലില്‍ നാഫ്തലി ബെനറ്റ് പ്രധാനമന്ത്രി
വെള്ളിയാഴ്ച ഉച്ച മുതൽ കാണാതായ രണ്ട് പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. അന്ന് വൈകുന്നേരം ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കുന്നിൻ മുകളിലാണ് ഇവരുടെ മൃതദേഹങ്ങൾ ഗ്രാമവാസികൾ കണ്ടെത്തിയത്.